സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം! ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ എഴുതിയ ലേഖനം കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ, ഭക്ത ജനങ്ങളോടൊപ്പം നിന്ന് പോരാടുന്നവരാണ് തങ്ങള്‍ എന്നാണ് സംസ്ഥാനത്തെ ബിജെപിയുടെ നിലപാട്.

വിധി പുറത്തു വന്നതിനുശേഷം പല ദിവസങ്ങളിലായി ശബരിമലയിലും പരിസര പ്രദേശങ്ങളിലും നടന്ന സംഘര്‍ഷങ്ങളിലൂടെയും, സര്‍ക്കാരിനെതിരെ ജനവികാരം തിരിച്ചു വിടുന്നതിലൂടെയും മറ്റും വിധിയെ ചൂഷണം ചെയ്യുകയാണ് ബിജെപിയും ആര്‍എസ്എസ് എന്നും ആരോപണങ്ങളും ഉയരുന്നുണ്ട്.

അതേസമയം ഇത്തരം ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് സംഘപരിവാര്‍ സംഘടനകളും നേതാക്കളും നടത്തുന്ന ഓരോ ന്യായീകരണങ്ങളും ചീറ്റുകയുമാണ് പതിവ്. ഇത്തരമൊരു സാഹചര്യം നിലനില്‍ക്കെ മറ്റൊരു തിരിച്ചടി കൂടി ഇക്കൂട്ടര്‍ക്ക്് ലഭിച്ചിരിക്കുകയാണ്.

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ബിജെപി എംഎല്‍എ ഒ. രാജഗോപാല്‍ എഴുതിയ ഒരു ലേഖനമാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 1999ലെ ശബരിമല മണ്ഡലകാലത്തോട് അനുബന്ധിച്ച് പ്രമുഖ സപ്ലിമെന്റില്‍ ‘സ്ത്രീകളെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണം’ എന്ന തലക്കെട്ടില്‍ രാജഗോപാല്‍ എഴുതിയ ലേഖനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

സമാനമായ രീതിയില്‍ ശബരിമല ദര്‍ശനത്തിന് സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ 2016ല്‍ ഫേസ്ബുക്കിലും കുറിപ്പെഴുതിയിരുന്നു. എന്നാല്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടതിനുപിന്നാലെ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കുന്ന അവസരത്തിലാണ് രാജഗോപാലിന്റെ ലേഖനം ചര്‍ച്ചയാവുന്നത്.

Related posts