പതിനേഴാം വയസില്‍ ആദ്യ വിവാഹം, രണ്ടുവര്‍ഷത്തിനിടെ വീണ്ടും കെട്ടി, പോലീസ് യൂണിഫോമും വാഹനവും ഒപ്പിച്ചത് ലോഡ്ജുടമയെ പറ്റിച്ച്, തൃശൂരിലെ “റേഞ്ച് ഐജിയുടെ” തട്ടിപ്പുകള്‍ ഒരു സംഭവം തന്നെ

ഐജിയാണെന്നു പറഞ്ഞ് രണ്ടുതവണ വിവാഹം കഴിക്കുക, ഭാര്യയുടെ സഹോദരനെ തന്നെ ആദ്യം പറ്റിക്കുക, തൃശൂരില്‍ കഴിഞ്ഞദിവസം പിടിയിലായ ചേര്‍പ്പ് ഇഞ്ചമുടി കുന്നത്തുള്ളി മിഥുനാണ് (21) എന്ന യുവാവിന്റെ തട്ടിപ്പുകള്‍ കണ്ട് പോലീസ് ആകെ മൊത്തം അമ്പരപ്പിലാണ്. പോലീസ് വീട്ടിലെത്തി പിടിച്ചപ്പോള്‍ നാടകത്തിനുള്ള സാധനങ്ങളെന്ന് പറഞ്ഞാണ് മിഥുന്‍ രക്ഷപ്പെടാന്‍ നോക്കിയത്. എന്നാല്‍ കള്ളി മുഴുവന്‍ പൊളിച്ച് പോലീസ് മിഥുനെ തൂക്കിയെടുത്തു കൊണ്ടുപോയി.

തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാര്‍ ശബരിമലയിലേക്കു പോകുന്നുവെന്നറിഞ്ഞതോടെ ആ ഒഴിവിലേക്കു തനിക്കു നിയമനം ലഭിച്ചുവെന്നു കാട്ടിയാണ് ഇയാള്‍ പ്രചാരണം നടത്തിയത്. താന്‍ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് എന്നു പറഞ്ഞാണ് മെഡിക്കല്‍ കോളജിനടുത്ത ലോഡ്ജ് ഉടമയെ മിഥുന്‍ ആദ്യം സമീപിച്ചത്. അലിവു തോന്നി മിഥുനു താമസിക്കാന്‍ എല്ലാ സൗകര്യവും നല്‍കി.

താന്‍ താമസിപ്പിച്ച പാവപ്പെട്ട യുവാവ് സ്വന്തം നാട്ടില്‍ ഐജിയായി എന്നു വിശ്വസിച്ച ലോഡ്ജ് ഉടമ മിഥുന് നല്ല ട്രീറ്റും നല്‍കി. ലോഡ്ജ് ഉടമയുടെ വീട്ടിലെ സല്‍ക്കാരത്തിനു രണ്ടു ഭാര്യമാരെയും ഇയാള്‍ കൊണ്ടുവന്നു. 21 വയസാകുമ്പോഴേക്കും രണ്ടു പെണ്ണുകെട്ടിയ മിഥുന്‍ നിഷ്‌കളങ്കമായാണ് ഇടപെട്ടിരുന്നതെന്ന് വീട്ടുകാരും നാട്ടുകാരും പറയുന്നു. ലോഡ്ജ് ഉടമ വാങ്ങി നല്‍കിയ ജീപ്പിലായിരുന്നു കറക്കം. യൂണിഫോമിലും അല്ലാതെയും സഞ്ചരിച്ചു. ഒരു ഐ.ജി. അനധികൃതമായി കറങ്ങുന്നുണ്ടെന്ന വിവരമറിഞ്ഞ് പോലീസ് കമ്മിഷണര്‍ ഉടനെ ക്രൈംബ്രാഞ്ച് എ.സി.പി. ബാബു കെ.തോമസിനോടു അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിലാണ് മിഥുന്‍ പിടിയിലായത്.

പതിനേഴാം വയസില്‍ ഇയാള്‍ പെരിങ്ങോട്ടുകര സ്വദേശിനിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഒരു കുട്ടിയുണ്ടെങ്കിലും വിവാഹത്തിനു നിയമപരമായി അംഗീകാരമില്ല. പിന്നീടാണ് മണ്ണുത്തി വലക്കാവിനടുത്ത് താളിക്കുണ്ട് പ്രദേശത്തു താമസിക്കുന്ന യുവതിയെ പരിചയപ്പെടുന്നത്. ചിയ്യാരത്തെ ഒരു സുഹൃത്തുമായി ബന്ധം സ്ഥാപിച്ചാണ് അവിടെ സന്ദര്‍ശകനായത്. താന്‍ ഡിഐജിയാണെന്നും ചെറിയ കുരുക്കില്‍ പെട്ട് സസ്പെന്‍ഷനിലാണെന്നും പെണ്‍കുട്ടിയുടെ വീട്ടുകാരെ ധരിപ്പിച്ചു. അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ചു തന്നാല്‍ സഹോദരനെ പോലീസിലെടുക്കാമെന്നും വാഗ്ദാനം ചെയ്തു. ഇതിനിടെ സഹോദരിയുമൊന്നിച്ച് യാത്രകളും നടത്തി. അവരുടെ കൈയിലുണ്ടായിരുന്ന 16 പവന്‍ സ്വര്‍ണവും അടിച്ചെടുത്തു.

പോലീസ് അറസ്റ്റു ചെയ്തപ്പോള്‍ ഞങ്ങള്‍ നാടകക്കാരാ സാറേ, വണ്ടിക്കുള്ളില്‍ കിടക്കുന്ന യൂണിഫോം ഞങ്ങളുടെ കോസ്റ്റ്യൂംസില്‍ പെട്ടതാണ് മിഥുന്‍ പറഞ്ഞത്. നാട്ടുകാരെ പറ്റിക്കാന്‍ മിഥുന്‍ അണിഞ്ഞിരുന്ന യൂണിഫോം വാങ്ങി പരിശോധിച്ച പോലീസ് ഞെട്ടി. മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ യൂണിഫോമില്‍ പതിച്ചിരിക്കുന്നു. യൂണിഫോം മൊത്തത്തില്‍ യഥാര്‍ഥ ഐപിഎസ് ഓഫിസര്‍മാരുടെതിനു സമം. ആര്‍. ഭാനുകൃഷ്ണ ഐപിഎസ് എന്ന നെയിം ബോര്‍ഡ് പതിച്ചിട്ടുണ്ട്. അതേസമയം മിഥുനെതിരേ കൂടുതല്‍ പരാതികള്‍ വരുന്നുണ്ടെന്നാണ് വിവരം.

Related posts