ഒബാമ കെയര്‍ ‘ഐസിയു’’വില്‍ ! ഒബാമ ഒഴിയുന്നതിനു പിന്നാലെ പദ്ധതി തന്നെ നിര്‍ത്തലാക്കാന്‍ അധികൃതരുടെ നീക്കം

obama-careവാഷിംഗ്ടണ്‍: സ്ഥാനമൊഴിയുന്ന അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ അഭിമാന പദ്ധതികളിലൊന്നായിരുന്ന ഒബാമ കെയര്‍ ആരോഗ്യപദ്ധതി ഐസിയുവില്‍. ഒബാമ ഒഴിയുന്നതിനു പിന്നാലെ പദ്ധതി തന്നെ നിര്‍ത്തലാക്കാനാണ് അധികൃതരുടെ നീക്കം. അമേരിക്കന്‍ ജനപ്രതിനിധി സഭ 198ന് എതിരേ 227 വോട്ടുകള്‍ക്കു പദ്ധതി നിര്‍ത്തലാക്കാനുള്ള പ്രമേയം പാസാക്കി. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്നാണു പദ്ധതി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

ജനുവരി ഇരുപത്തിയേഴോടെ പദ്ധതി നിര്‍ത്തലാക്കുന്നതിനുള്ള നിയമനിര്‍മാണം നടപ്പിലാക്കാന്‍ പ്രത്യേക കമ്മിറ്റിക്കും ജനപ്രതിനിധി സഭ രൂപം നല്‍കി. നേരത്തേ 41ന് പകരം 58 വോട്ടുകള്‍ക്കു പദ്ധതി റദ്ദാക്കാനുള്ള അംഗീകാരം സെനറ്റും നല്‍കിയിരുന്നു. ആരോഗ്യ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനത്തിനെതിരേ ഡെമോക്രാറ്റുകള്‍ പ്രക്ഷോഭം ആരംഭിച്ചു.

താന്‍ അധികാരത്തിലെത്തിയാല്‍ ഒബാമ കെയര്‍ ആരോഗ്യപദ്ധതി നിര്‍ത്തലാക്കുമെന്നു തെരഞ്ഞെടുപ്പ് പ്രചാരണകാലത്തുതന്നെ നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പദ്ധതി നിര്‍ത്തില്ലെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയേയുള്ളൂവെന്നും ട്രംപ് നിലപാടു മാറ്റിയിരുന്നു. അമേരിക്കയിലെ രണ്ടു കോടിയിലധികം പേര്‍ക്ക് ഒബാമ കെയര്‍ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

Related posts