തൃശൂർ: നഗരത്തിലെ ഫുട്പാത്തിലൂടെ നടക്കുന്നവർ ശ്രദ്ധിക്കുക. ഏത് നിമിഷവും മലിന ജലം ഒഴുകുന്ന കാനയ്ക്കുള്ളിലേക്ക് വീഴാം. എംജി റോഡിലെ ഇരുവശത്തുമുള്ള ഫുട്പാത്തുകളിലെ സ്ലാബുകളാണ് പൊട്ടിപ്പൊളിഞ്ഞും ഇളകിയും കിടക്കുന്നത്. ഇതുവഴി നടന്നു പോകുന്ന നിരവധി പേരാണ് സ്ലാബുകളിൽ ചവിട്ടി കാനയിലേക്ക് വീഴുന്നത്. പലരും ഭാഗ്യം കൊണ്ട് രക്ഷപെടുന്നുവെന്നു മാത്രം.
വൻ കെണി വച്ചിരിക്കുന്നതു പോലെയാണ് ഇവിടുത്തെ സ്ലാബുകൾ ഇരിക്കുന്നത്. അറിയാതെ ചവിട്ടുന്നവർ ഇളകിയിരിക്കുന്ന സ്ലാബുകൾക്കിടയിലൂടെ കാനയിലേക്ക് വീഴുകയാണ്. ്വ്യാപാരികളും കാൽനടക്കാരുമൊക്കെ നിരവധി തവണ കോർപറേഷൻ അധികാരികളെ കാര്യം ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കുന്നില്ലെന്ന് പറയുന്നു.
നടുവിലാൽ മുതൽ എംജി റോഡ് മേൽപാലം വരെയുള്ള ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ സ്ലാബുകൾ ഇളകി അപടക്കെണിയൊരുക്കിയിരിക്കുന്നത്. ഗതാഗതം നിയന്ത്രിക്കാൻ റോഡിൽ ഇപ്പോൾ ബാരിക്കേഡുകൾ വച്ചിരിക്കുന്നതും കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ്.
വാഹനങ്ങൾക്ക് മറികടന്നു പോകാൻ സാധിക്കാത്ത വിധത്തിലാണ് ബാരിക്കേഡുകൾ വച്ചിരിക്കുന്നത്. ഇതിനാൽ ആംബുലൻസോ മറ്റ് അത്യാവശ്യ വാഹനങ്ങളോ വരുന്പോൾ കടത്തി വിടാൻ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷികളും മറ്റു ചെറു വാഹനങ്ങളുമൊക്കെ ഫുട്പാത്തിലേക്ക് കയറ്റേണ്ട ഗതികേടാണ്.
ഇത്തരത്തിൽ ഇരുചക്ര വാഹനങ്ങൾ കയറ്റുന്പോൾ ഇളകിയ സ്ലാബുകളിൽ കയറി കാനയിലേക്ക് വീഴുന്ന അപകടം നിരവധിയാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വൻ അപകടങ്ങളും മരണവും ഇല്ലാത്തതിനാലാണ് ഇത്തരം അപകടങ്ങൾ പുറംലോകം അറിയാത്തത്. സ്ലാബുകളിൽ ചവുട്ടി വീണ് അപകടങ്ങൾ ഉണ്ടാകുന്നത് നിത്യ സംഭവമായി മാറിയിട്ടും അധികാരികൾ നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്.
സ്ലാബുകൾ ഉറപ്പിക്കാനുള്ള നിസാര പണികൾ പോലും ചെയ്യാതെ പാവപ്പെട്ട ആളുകളെ അപകടങ്ങളിലേക്ക് തള്ളിവിടുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും വ്യാപാരികൾ പറയുന്നു. കടകളുടെ മുന്പിലുള്ള സ്ലാബുകൾ പോലും ഇളകി കിടക്കുന്നതിനാൽ ആളുകൾ വാഹനങ്ങളിൽ നിന്നിറങ്ങി നേരെ അപകട കെണിയിലേക്ക് വീഴുന്ന സംഭവങ്ങളും നിരവധിയാണ്.