അടൂര്‍: സ്വന്തം അമ്മയെ സംരക്ഷിക്കാതെ തെരുവിലേക്ക് തള്ളിയശേഷം പോലീസിനെ തെറ്റിധരിപ്പിച്ച ദന്പതികൾക്ക് പിഴ ശിക്ഷ.
രാത്രിയിൽ അമ്മയെ റോഡരികിൽ എത്തിച്ചശേഷം അജ്ഞാതയായ വയോധികയെ കണ്ടതായി കൺട്രോൾ റൂമിൽ അറിയിക്കുകയും പോലീസ് സഹായത്തോടെ മഹാത്മ ജനസേവന കേന്ദ്രത്തിലെത്തിക്കുകയും ചെയ്ത മകനും മരുമകൾക്കുമാണ് ശിക്ഷ.
തിരുവനന്തപുരം വട്ടപ്പാറ കല്ലയം കാരമൂട് അനിതാ വിലാസത്തില്‍ അജികുമാര്‍, ഭാര്യ ലീന എന്നിവര്‍ക്കെതിരേ അടൂര്‍ ആർഡിഒ മെയിന്റനന്‍സ് ട്രൈബ്യൂണൽ 5000 രൂപ പിഴ ശിക്ഷിക്കുകയായിരുന്നു.
കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശിക്ഷാവിധി ഉണ്ടാകുന്നതെന്ന് പറയുന്നു. കൂടാതെ അമ്മെയെ ഏറ്റെടുക്കാനും സുരക്ഷിത താമസം, ആഹാരം, വസ്ത്രം, മരുന്ന്, വൈദ്യസഹായം എന്നിവ യഥാവിധി ഉറപ്പാക്കാനും ട്രൈബ്യൂണൽ മകനു നിർദേശം നല്കി.
മകന്റെ ഭാഗത്തു നിന്നു ഏതെങ്കിലും വിധത്തില്‍ ഇതിന് വിരുദ്ധമായി പ്രവൃത്തി ഉണ്ടായാല്‍ അടൂര്‍ എസ്എച്ച്ഒ നിയമ നടപടി സ്വീകരിച്ച് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ മുമ്പാകെ റിപ്പോര്‍ട്ട് നൽകണമെന്നും വിധിയിൽ പറയുന്നു.
അടൂര്‍ മഹാത്മ ജനസേവനകേന്ദ്രം ചെയര്മാന് രാജേഷ് തിരുവല്ല നല്കിയ പരാതിയിലാണ് ഉത്തരവ്.