ഇടുക്കി: വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ വസ്ത്രം മാറാന്‍ ഉപയോഗിക്കുന്ന മുറിയിലും പോലീസ് ക്വാര്‍ട്ടേഴ്സിലെ ശുചിമുറിയിലുമടക്കം ഒളിക്കാമറ സ്ഥാപിച്ചു നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരനെതിരേ കടുത്ത വകുപ്പുതല നടപടിക്കു സാധ്യത. ഇയാളെ സര്‍വീസില്‍ നിന്നു പിരിച്ചു വിടുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടായേക്കുമെന്നാണ് സൂചന.
പോലീസ് സേനയ്ക്ക് വലിയ നാടക്കേടുണ്ടാക്കിയ സംഭവമായതിനാല്‍ ഇയാള്‍ക്കെതിരേ കടുത്ത നടപടി വേണമെന്ന ആവശ്യമാണ് വകുപ്പില്‍ തന്നെ ഉയരുന്നത്. വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കെ.എസ്. വൈശാഖിനെയാണ് ഇടുക്കി സൈബര്‍ സെല്‍ പിടികൂടിയത്.
പ്രതിയെ ഇന്നു തന്നെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവില്‍ ഇയാളെ സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.ക്വാര്‍ട്ടേഴ്സിന്റെ വിവിധ ഭാഗങ്ങളിലായി നാല് കാമറകള്‍ സ്ഥാപിച്ച വൈശാഖ് ഇയാളുടെ മൊബൈല്‍ ഫോണിലേക്കു കാമറകള്‍ ലിങ്ക്ചെയ്തിരുന്നു.
ഇയാള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സിനു സമീപത്തു തന്നെയാണ് കാമറകള്‍ സ്ഥാപിച്ച ക്വാര്‍ട്ടേഴ്സും. അടച്ചു പൂട്ടാത്ത ക്വാര്‍ട്ടേഴ്സില്‍ എപ്പോഴും ആര്‍ക്കും കയറാവുന്ന സാഹചര്യം മുതലെടുത്താണ് വൈശാഖ് മുറിക്കകത്ത് കയറി കാമറ സ്ഥാപിച്ചത്.ഏഴു മാസമായി ഇത്തരത്തില്‍ ഒളികാമറ വഴി ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതായാണ് വിവരം.
ഒളികാമറയില്‍ നിന്നു ശേഖരിച്ച ദൃശ്യങ്ങള്‍ സഹപ്രവര്‍ത്തകയുടെ മൊബൈല്‍ ഫോണി ലേക്ക് അയച്ചുകൊടുത്തു ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിലിംഗിനും ഇയാള്‍ ശ്രമിച്ചു.വൈശാഖിന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ കൂട്ടാക്കാതിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ വനിതാ സെല്ലില്‍ പരാതി നല്കി.