കൊച്ചി: ഓൺലൈൻ ഹോട്ടൽ ബുക്കിംഗിന്റെ മറവിലും തട്ടിപ്പ് നടക്കുന്നതായി ആക്ഷേപം. കൊച്ചിയിലും കുമരകത്തും ഉൾപ്പെടെ എത്തുന്ന വിനോദസഞ്ചാരികളെ കേന്ദ്രീകരിച്ചാണ് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ സജീവമായിരിക്കുന്നതെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെടിഎം) ചൂണ്ടിക്കാട്ടി.
ബുക്കിംഗ് പൂർത്തിയാക്കിയശേഷം ഹോട്ടലിന്റെ റിസർവേഷൻ വിഭാഗത്തിൽനിന്നാണെന്നു തെറ്റിദ്ധരിപ്പിച്ച് അതിഥികളെ ഫോൺ വഴിയോ ഇ-മെയില്‍-വാട്സാപ് സന്ദേശങ്ങൾ വഴിയോ ബന്ധപ്പെട്ട് പണം തട്ടുന്നതാണ് ഇവരുടെ രീതി.
അഡ്വാൻസ് പേമെന്റ് നൽകിയില്ലെങ്കിൽ റൂം ബുക്കിംഗ് റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുക, ഉയർന്ന വിഭാഗത്തിലുള്ള മുറികൾ വാഗ്ദാനം ചെയ്യുക, ഇതിനായി അടിയന്തരമായി പണം അടയ്ക്കാൻ ആവശ്യപ്പെടുക എന്നിവയാണു തട്ടിപ്പുകാരുടെ പ്രധാന രീതികളെന്ന് കെടിഎം പ്രസിഡന്റ് ജോസ് പ്രദീപ് പറയുന്നു.
പ്രധാനമായും ഓൺലൈൻ ട്രാവൽ ഏജൻസി വെബ്സൈറ്റുകൾ വഴി റൂം ബുക്ക് ചെയ്യുന്നവരെ ലക്ഷ്യമിട്ടാണു തട്ടിപ്പുകൾ നടക്കുന്നത്. ഹോട്ടൽ ജീവനക്കാരുടേതെന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ അയച്ചുനൽകി വിശ്വാസം നേടിയെടുത്ത ശേഷം ക്യൂആർ കോഡ് വഴിയോ പേമെന്റ് ലിങ്കുകൾ വഴിയോ പണം കൈക്കലാക്കുന്ന രീതിയാണ് തട്ടിപ്പുകാർ അവലംബിക്കുന്നത്.
ഈ സീസണിൽ പല സഞ്ചാരികൾക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടതായി പരാതികളുണ്ട്. ടൂറിസം സീസൺ ആരംഭിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കെടിഎം ഭാരവാഹികൾ ആവശ്യപ്പെട്ടു.

