ഞങ്ങളുടെ കൈയ്യില്‍ പണമില്ല! ലോക്‌സഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് തടസം സാമ്പത്തികമെന്ന് റിപ്പോര്‍ട്ട്; തുറന്നു പറച്ചിലുമായി നേതാക്കളും

കുറച്ച് കഷ്ടപ്പെട്ടിട്ടാണെങ്കിലും കര്‍ണാടകയിലെ അധികാരം കിട്ടിയതോടെ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇനി പാര്‍ട്ടി ലക്ഷ്യമിടുന്നത്, 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. കോണ്‍ഗ്രസും മുഖ്യ ശത്രുക്കളായ ബിജെപിയും പോരാട്ടം തുടങ്ങുകയും ചെയ്തു.

എന്നാല്‍ വിജയത്തിലേയ്ക്ക് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കോണ്‍ഗ്രസിന് ഒരു തടസമുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നത്. അധികാരം പിടിക്കാനുള്ള സാമ്പത്തിക ശേഷി നിലവില്‍ കോണ്‍ഗ്രസിനില്ലത്രേ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാര്‍ട്ടി നിലവില്‍ കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ അഞ്ച് മാസമായി വിവിധ സംസ്ഥാനങ്ങളിലെ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമുള്ള തുക കൊടുക്കുന്നത് ദേശീയ നേതൃത്വം നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിസന്ധിയെ മറികടക്കാന്‍ പ്രവര്‍ത്തകരോട് സംഭാവനകള്‍ നല്‍കാനും ചെലവുകള്‍ കുറക്കാനും നേതൃത്വം ആവശ്യപ്പെട്ടിട്ടുമുണ്ട്.

‘ഞങ്ങളുടെ കയ്യില്‍ പണമില്ല..’,പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയയുടെ ചുമതലയുള്ള ദിവ്യ സ്പന്ദന പറയുന്നു. ബിജെപിയുടേത് പോലെ ഇലക്ട്രല്‍ ബോണ്ട് വഴി കോണ്‍ഗ്രസിന് ഫണ്ട് ലഭിക്കുന്നില്ല. അതുകൊണ്ടു തന്നെ പ്രവര്‍ത്തകരില്‍ നിന്ന് നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും പണം കണ്ടെത്താന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതരാകുന്നുവെന്നും ദിവ്യ പറയുന്നു.

ഫണ്ടില്ലാത്തതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നതിനുള്ള ഫ്‌ലൈറ്റ് ടിക്കറ്റ് ലഭിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിക്കൂറുകളോളം കാത്തിരുന്നത് വാര്‍ത്തയായിരുനനു. പലപ്പോഴും കോണ്‍ഗ്രസിന്റെ നിറം മങ്ങുന്നതിന്റെ കാരണവും വേറൊന്നുമല്ലെന്നാണ് സൂചന.

Related posts