പ്രതികാരത്തിന്റെ ‘ഒരേ മുഖം’

Dhayan_Sreenivasan_031216

കാമ്പസ്, ആഘോഷം, പ്രണയം, പക, പ്രതികാരം…. സജിത് ജഗദ്‌നന്ദന്റെ കന്നി സംവിധാന സംരംഭമായ ഒരേ മുഖത്തിന്റെ വണ്‍ലൈന്‍ ഇതാണ്. എന്നാല്‍ 1980–കളിലെ ഒരു കാമ്പസ് കാലത്തുണ്ടായ സംഭവത്തിന്റെ പേരില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഒരാളുടെ പകയും പ്രതികാരവുമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആദ്യപകുതി നിറയെ കാമ്പസ് ആഘോഷവും രണ്ടാം പകുതി ത്രില്ലറുമായി ഒരുക്കിയ ചിത്രത്തിന്റെ ക്ലൈമാക്‌സും പ്രേക്ഷകന് പുതിയ കാഴ്ചയാകും. കാമ്പസ്–ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭേദപ്പെട്ട ചിത്രം ഒരുക്കാന്‍ സംവിധായകന് സജിത്തിന് കഴിഞ്ഞുവെന്നത് അഭിനന്ദനാര്‍ഹമാണ്.
Oremukham_pic03
സക്കറിയ പോത്തന്‍, അരവിന്ദ മേനോന്‍, ദാസ്, പ്രകാശന്‍, ദേവന്‍ എന്നിവരുടെ കാമ്പസ് കാലവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. സക്കറിയ പോത്തന്‍ (ധ്യാന്‍ ശ്രീനിവാസന്‍) എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ഒരേ മുഖം മുന്നോട്ടുപോകുന്നത്. പോത്തന്റെ കാമ്പസ് കാലത്തെ സുഹൃത്തായിരുന്ന അരവിന്ദമേനോന്റെ കൊലപാതകത്തോടെ തുടങ്ങുന്ന ചിത്രത്തിന്റെ സ്വഭാവം ആദ്യ സീനില്‍ തന്നെ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്. അരവിന്ദ മേനോന്റെ കൊലപാതകത്തെക്കുറിച്ച് എസിപി അശോക് ചന്ദ്ര (ചെമ്പന്‍ വിനോദ്), മാധ്യമപ്രവര്‍ത്തക അമല (ജുവല്‍ മേരി) എന്നിവര്‍ നടത്തുന്ന അന്വേഷണമാണ് ഒരേ മുഖം.

എല്ലാ കഥാപാത്രങ്ങളുടെയും കാമ്പസ് കാലവും വര്‍ത്തമാന കാലവും വ്യത്യസ്ത നടീനടന്മാരാണ് അവതരിപ്പിക്കുന്നത്. ഇതിന് അനുയോജ്യരായവരെ കണ്ടെത്താന്‍ സംവിധായകന്‍ വിജയിച്ചുവെങ്കിലും കാഴ്ചക്കാര്‍ക്ക് ചില്ലറ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായേക്കാം. ആദ്യ പകുതിയിലെ കോളജ് രംഗങ്ങള്‍ ത്രില്ലിംഗ് മൂഡിന് രസംകൊല്ലിയാകുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ ഇത് പൂര്‍ണമായും പരിഹരിക്കാന്‍ സംവിധായകന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ ആദ്യ പകുതിയേക്കാള്‍ ചിത്രത്തിന് വേഗവും താളവും രണ്ടാം പകുതിയിലാണെന്ന് നിസംശയം പറയാം.
Jewel_Mary_221116
കാമ്പസിലെ പരുക്കനായ ഹീറോ സക്കറിയ പോത്തനായി ധ്യാന്‍ മികച്ച അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. പ്രയാഗ മാര്‍ട്ടിന്‍ അവതരിപ്പിച്ച ഗായത്രി എന്ന വേഷവും ശ്രദ്ധനേടും. അജു വര്‍ഗീസും മണിയന്‍പിള്ള രാജുവും ചേര്‍ന്ന് പകര്‍ന്നാടിയ ദാസ് എന്ന കഥാപാത്രവും കാഴ്ചക്കാര്‍ മറക്കില്ല. രഞ്ജി പണിക്കര്‍, അര്‍ജുന്‍ നന്ദകുമാര്‍, ഗായത്രി സുരേഷ്, ചെന്വന്‍ വിനോദ്, ജുവല്‍ മേരി തുടങ്ങിയവരെല്ലാം തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി. ത്രില്ലറിന് വേണ്ട പശ്ചാത്തല സംഗീതം ഒരുക്കി ബിജിപാല്‍ വീണ്ടും തിളങ്ങി. സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും എടുത്തുപറയേണ്ടതാണ്.
Oremukham_pic09
കാമ്പസ് കാലവും പ്രണയവും പകയും പ്രതികാരവും എല്ലാം മലയാളികള്‍ കണ്ടുമറന്നതാണെങ്കിലും ഒരേ മുഖം പ്രേക്ഷകന് പുതുമ സമ്മാനിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഭൂത കാലത്തെ പ്രണയവും വര്‍ത്തമാനകാലത്തെ പ്രതികാരവും എങ്ങനെ ബന്ധപ്പെടുന്നുവെന്ന് തീയറ്ററില്‍ നിന്ന് തന്നെ അറിയുക.

ജോബിന്‍ സെബാസ്റ്റ്യന്‍

Related posts