കൊച്ചി: സംസ്ഥാനത്ത് അവയവമാറ്റത്തിനു വിധേയരായ ഭൂരിഭാഗം പേരും സ്വാഭാവിക ജീവിതത്തിലേക്കു തിരിച്ചുവന്നതായി പഠനം. മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡവല്പമെന്റ് സ്റ്റഡീസിലെ ഗവേഷകയും എറണാകുളം സെന്റ് തെരേസാസ് കോളജ് സോഷ്യോളജി വിഭാഗം അസി. പ്രഫസറുമായ എലിസബത്ത് ഏബ്രഹാം നടത്തിയ ഗവേഷണത്തിലാണു കണ്ടെത്തൽ.
അവയവമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയരായ സംസ്ഥാനത്തെ 256 പേരിലാണു പഠനം നടത്തിയത്. ഇതിൽ 140 പേർ വൃക്ക മാറ്റിവയ്ക്കലിനും 104 പേർ കരൾ മാറ്റിവയ്ക്കലിനും 12 പേർ ഹൃദയം മാറ്റിവയ്ക്കലിനും വിധേയരായവരാണ്. 2022 ഒക്ടോബർ മുതൽ 2023 ഫെബ്രുവരി വരെയാണു വിവരശേഖരണം നടന്നത്.
46.5 ശതമാനം പേർ ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ സ്വാഭാവിക ജീവിതം തിരിച്ചുപിടിച്ചു. 58.2 ശതമാനം പേർ പഴയ ജോലിയിലേക്ക് തിരികെ പ്രവേശിച്ചു. 54.7 ശതമാനം പേരും സാമൂഹിക കാര്യങ്ങളിൽ സജീവമാണ്. ശസ്ത്രക്രിയാനന്തരമുള്ള ജീവിതശൈലിയിൽ ഭൂരിഭാഗം പേരും മാറ്റം വരുത്തിയതായും പഠനം പറയുന്നു. 84 ശതമാനം പേർ ആരോഗ്യപരമായ ജീവിതശൈലി സ്വീകരിക്കുന്നു. 76 ശതമാനം പേരും ശാരീരിക അധ്വാനം ആവശ്യമുള്ള തൊഴിലുകളിൽ ഏർപ്പെടുന്നു.
അവയവമാറ്റത്തിനു വിധേയരായവരിൽ 36.7 ശതമാനം പേരും 41–50 പ്രായമുള്ളവരാണ്. ശസ്ത്രക്രിയയ്ക്കു വിധേയരായവർക്ക് ഇപ്പോഴും പ്രതിമാസം 5,000 മുതൽ 10,000 വരെ മരുന്നിന് ചെലവഴിക്കേണ്ടിവരുന്നുണ്ട്. മരണാനന്തര അവയവദാനം കേരളത്തിൽ താരതമ്യേന കുറവാണെന്ന് പറയുന്ന പഠനം 86.3 പേരും അവയവം സ്വീകരിച്ചത് ജീവിച്ചിരിക്കുന്നവരിൽനിന്നാണെന്നും വ്യക്തമാക്കുന്നു.