കാലം കുറേയായില്ലേ, വല്ലതും നടക്കുമോ? മണ്ഡലകാലം ആരംഭിച്ചിട്ടും നാഗമ്പടം റെയില്‍വേ നടപ്പാലം അറ്റകുറ്റപ്പണി നടത്തി തുറന്നു കൊടുക്കാതെ അധികൃതര്‍

fb-railpalam

കോട്ടയം: മണ്ഡലകാലം ആരംഭിച്ചിട്ടും നാഗമ്പടം റെയില്‍വേ നടപ്പാലം അറ്റകുറ്റപ്പണി നടത്തി തുറന്നു കൊടുക്കാതെ അധികൃതര്‍. മണ്ഡലകാലത്തിനു മുമ്പ് നാഗമ്പടം റെയില്‍വേ നടപ്പാലം അറ്റകുറ്റപ്പണി നടത്തി തുറന്നു കൊടുക്കുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ മേല്‍പ്പാലത്തിന്റെ അറ്റകുറ്റപ്പണി ഇതുവരെയും  ആരംഭിച്ചിട്ടില്ല. നാലരമാസം മുമ്പ് റെയില്‍വേ നടപ്പാലം അടച്ചതോടെ യാത്രക്കാര്‍ റെയില്‍വേ പാളം മുറിച്ചു കടന്നാണ് ബസ്സ്റ്റാന്‍ഡിലേക്കും സമീപമുള്ള തീര്‍ഥാടനകേന്ദ്രത്തിലേക്കും റെയില്‍വേ സ്റ്റേഷനിലേക്കും പോകുന്നത്.

മണ്ഡലകാലം ആരംഭിച്ചതോടെ വരും ദിവസങ്ങളില്‍ പാളം മുറിച്ചുകടക്കുന്നവരുടെ എണ്ണം കൂടും.
മാസങ്ങള്‍ക്ക് മുമ്പ് അപകടാവസ്ഥയിലായ പാലത്തിന്റെ സ്ലാബ് അധികൃതര്‍ ഇളക്കിമാറ്റിയിരുന്നു. ഇതറിയാതെ പാലത്തിലൂടെ നടന്ന കാഞ്ഞിരത്താനം സ്വദേശി തെന്നാട്ടില്‍ സെബാസ്റ്റ്യന്‍ വീണു മരിച്ചത് ഏറെ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു.    നഗരസഭയും ജില്ലാ ഭരണകൂടവും എത്രയും വേഗം മേല്‍പ്പാലം പുനര്‍നിര്‍മിക്കണമെന്നു റെയില്‍വേയോട് ആവശ്യപ്പെട്ടു.

നടപ്പാലത്തിന്റെ പുനര്‍നിര്‍മാണത്തിനായി റെയില്‍വേ ആവശ്യപ്പെട്ട തുക നഗരസഭ അധികൃതര്‍ നല്‍കിയിരുന്നു. തുടര്‍ന്ന് ഒന്നരമാസം മുമ്പ് പാലം പുനര്‍നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് റെയില്‍വേ കടന്നു. ടെന്‍ഡര്‍ പൂര്‍ത്തിയായെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ അവശേഷിക്കുകയാണെന്നാണു റെയില്‍വേ നല്‍കുന്ന വിശദീകരണം.

പാലം പുതിക്കിപണിയുമ്പോള്‍ റെയില്‍വേ ഗതാഗതത്തിനു തടസമുണ്ടാകും. ഇതിനു കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി വേണം. അനുമതി എന്നു ലഭിക്കുമെന്ന കാര്യത്തില്‍ അറിയിപ്പൊന്നും ഇതുവരെയും ലഭിച്ചില്ലെന്നു റെയില്‍വേ അധികൃതര്‍ പറഞ്ഞു. എത്രയും വേഗം നടപ്പാലത്തിന്റെ പണികള്‍ ആരംഭിക്കണമെന്ന ആവശ്യം ഇതിനോടകം ശക്തമായികഴിഞ്ഞു.

Related posts