പൂട്ടിയ കോളജുകളില്‍നിന്നു മാറ്റംവാങ്ങിയ വിദ്യാര്‍ഥികളുടെ പരീക്ഷാഫല പ്രഖ്യാപനമായില്ല

തോമസ് വര്‍ഗീസ്

വിവിധ കാരണങ്ങള്‍ പറഞ്ഞ് കോഴ്‌സുകള്‍ നിര്‍ത്തലാക്കിയ കോളജുകളില്‍ പഠിച്ചശേഷം മറ്റു കോളജില്‍ പ്രവേശനം നേടിയ ബിടെക് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്ത സ്ഥിതിയില്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായി. മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അഫിലിയേഷന്‍ റദ്ദാക്കപ്പെട്ട കോളജുകളില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച കോളജുകളില്‍ നിന്നും മറ്റു കോളജുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലായത്.

പ്രവര്‍ത്തനം നിര്‍ത്തലാക്കപ്പെട്ട മധ്യതിരുവിതാംകൂറിലെ ഒരു കോളജില്‍ നിന്നു ബിടെക് മൂന്നാം വര്‍ഷം പഠിക്കുമ്പോള്‍ മറ്റു കോളജുകളിലേക്കു മാറ്റപ്പെട്ട വിദ്യാര്‍ഥികളുടെ പരീക്ഷാഫലം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഫലം വൈകുന്നതു സംബന്ധിച്ചു വിദ്യാര്‍ഥികള്‍ അന്വേഷിച്ചപ്പോള്‍ ഇന്റേണല്‍ പരീക്ഷയുടേയും വൈവായുടേയും മാര്‍ക്ക് ആദ്യത്തെ കോളജ് അധികൃതര്‍ സര്‍വകലാശാലയ്ക്ക് നല്കിയിട്ടില്ലെന്നും അതുമൂലമാണു പ്രതിസന്ധിയുണ്ടായതെന്നുമാണ് സാങ്കേതിക സര്‍വകലാശാല അധികൃതരുടെ മറുപടി.

ആദ്യം പഠിച്ച കോളജ് അധികൃതര്‍ പറയുന്നത് തങ്ങള്‍ ഇതുസംബന്ധിച്ചുള്ള എല്ലാ രേഖകളും സര്‍വകലാശാലയ്ക്ക് അയച്ചു എന്നുമാണ്. കഴിഞ്ഞ അധ്യയന വര്‍ഷം സംസ്ഥാനത്തെ അഞ്ച് എന്‍ജിനിയറിംഗ് കോളജുകളാണ് വിദ്യാര്‍ഥികളുടെ എണ്ണക്കുറവുമൂലമോ അഫിലിയേഷന്‍ നഷ്ടമായതിനെ തുടര്‍ന്നോ തങ്ങളുടെ സ്ഥാപനത്തില്‍ പഠിച്ച വിദ്യാര്‍ഥികളെ മറ്റു സ്ഥാപനങ്ങളിലേക്ക് മാറ്റിയത്.

ബിടെക് എസ് 6 സെമസ്റ്ററില്‍ വച്ച് മറ്റൊരു കോളജിലേക്ക് മാറ്റപ്പെട്ട 150ലേറെ വിദ്യാര്‍ഥികളുടെ കോംപ്രിഹെന്‍സീവ് പരീക്ഷയുടെ ഫലം ഇതുവരെ പ്രസിദ്ധീകരിച്ചില്ല. എസ് 7 സെമസ്റ്ററിന്റെ പരീക്ഷ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ എസ് 6 പരീക്ഷയുടെ ഫലപ്രഖ്യാപനം വരാത്തതോടെ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലുമായി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചാല്‍ മാത്രമേ തോറ്റ വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ പോലും സാധിക്കുകയുള്ളു.

വിദ്യാര്‍ഥികള്‍ ആദ്യം പഠിച്ച സ്ഥാപനങ്ങള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ സര്‍വകലാശാല തലത്തില്‍ ഇടപെടല്‍ നടത്തിയാല്‍ മാത്രമേ ഈ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ കഴിയുകയുള്ളു.

Related posts