വടക്കഞ്ചേരി: നിപ്പയ്ക്കു പിന്നാലെ കൊറോണ വൈറസിന്റെ വാഹകർ വാഹകർ വവ്വാലുകളാണെന്ന ശാസ്ത്രസംഘത്തിന്റെ നിഗമനങ്ങൾ പൂർണമായും തള്ളുന്ന അഭിപ്രായപ്രകടനങ്ങളാണ് നൂറ്റാണ്ടുകളായി വവ്വാലുകൾക്കും കാക്കകൾക്കും മറ്റു പറവകൾക്കുമൊപ്പം കഴിയുന്ന വടക്കഞ്ചേരിക്കടുത്തെ പാളയം പ്രദേശത്തെ ജനങ്ങൾ.
ഇവിടത്തെ വവ്വാലുകളും മനുഷ്യരും തമ്മിൽ തലമുറകളേറെ നീളുന്ന സഹവർത്തിത്വമുണ്ട്. വവ്വാലുകളുടെയും കാക്കകളുടയെും വിവിധയിനം കൊക്കുകളുടെയും ആവാസകേന്ദ്രമാണ് പാളയം പ്രദേശം.
ആയിരക്കണക്കിനു വവ്വാലുകളാണ് പകൽസമയം ഇവിടത്തെ പുഴയോടു ചേർന്ന മരങ്ങളിൽ തൂങ്ങിക്കിടക്കുന്നത്. ഒരു കിലോയും അതിൽ കൂടുതലും തൂക്കമുണ്ട് വവ്വാലുകൾക്ക്.
രോഗവാഹകരായി വവ്വാലുകളെ പഴിപറയുന്പോൾ ഈ ചെറുജന്തുവിനെക്കുറിച്ച് നല്ലതു മാത്രമേ ഇവിടത്തുകാർക്ക് പറയാനുള്ളൂ. തങ്ങളുടെ പിതാമഹ·ാരായി വവ്വാലുകൾ ഇവിടെയുണ്ടെന്ന് ഇവർ പറയുന്നു.
കാക്കകളുടെ ചങ്ങാത്തതിനും അത്രതന്നെ പഴക്കമുണ്ട്. കൊക്കുകളും നിരവധി ദേശാടനകൊക്കുകളും ഇവിടെ താമസക്കാരായി എത്തുന്നുണ്ട്. കാക്കപാളയം എന്നാണ് ഈ നാടിന്റെ പേരുതന്നെ.വൈകുന്നേരമായാൽ പാളയത്ത് പറവകളുടെ കലപില ബഹളമാണ്.
വവ്വാലുകൾ ഇരതേടാൻ പറന്നകലുന്പോൾ കാക്കക്കൂട്ടങ്ങൾ അന്തിയുറങ്ങാനെത്തും.2018 മേയ് മാസത്തിലാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിപ്പ വൈറസ് പടർന്നപ്പോൾ വവ്വാലുകൾക്കെതിരേ ശാസ്ത്രസംഘം തിരിഞ്ഞത്. ഇപ്പോൾ കൊറോണ വൈറസിന്റെ വാഹകരും വവ്വാലുകളാണെന്ന നിഗമനത്തിലാണ് എത്തുന്നത്.
വൈറസ് ബാധയുടെ ഉത്ഭവസ്ഥലമായ ചൈനയിലെ വുഹാനിൽ വവ്വാൽ, പാന്പ്, വെരുക് തുടങ്ങിയവയുടെ മാംസവില്പന തകൃതിയാണത്രേ.
എന്തായാലും വവ്വാലുകളെ മിത്രങ്ങളായി കാണുന്ന പാളയത്തുകാർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണമെന്നാണ് മുന്നറിയിപ്പുകൾ. വവ്വാലുകൾ കഴിച്ച പഴങ്ങൾ തത്കാലത്തേങ്കിലും ഒഴിവാക്കേണ്ടിവരും.