പത്തനംതിട്ട: തന്നെ ഒഴിവാക്കി മന്ത്രി വീണാ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ ക്ഷണിതാവാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം എ. പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചർച്ചയ്ക്കു വരുമെന്നാണു സൂചന. ഇന്നലെ ചേര്‍ന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയോഗം വിഷയം ചര്‍ച്ച ചെയ്തില്ല. പത്മകുമാർ യോഗത്തില്‍ പങ്കെടുത്തിരുന്നു.
സംസ്ഥാന സമിതിക്കെതിരേയുള്ള വിമര്‍ശനം ആയതിനാല്‍ അവിടെ ചര്‍ച്ചചെയ്തു നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് സംഘടനാ രീതിയെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നുള്ള പ്രതിനിധികളാരുംതന്നെ ഇന്നലത്തെ യോഗത്തിന് എത്തിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങള്‍ കൂടി പങ്കെടുക്കുന്ന യോഗത്തിലാകും വിഷയം ചര്‍ച്ച ചെയ്യുകയെന്നു നേരത്തെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നേരത്തെ അറിയിച്ചിരുന്നു.
സംസ്ഥാന സമ്മേളനത്തിലെ തീരുമാനമാണ് പത്മകുമാര്‍ വിമര്ശിച്ചതെന്നതിനാല് സംസ്ഥാന സെക്രട്ടേറിയറ്റാണ് വിഷയം പരിഗണിക്കേണ്ടതെന്നും ജില്ലാ കമ്മിറ്റി അജണ്ട പ്രകാരം നടക്കട്ടേയെന്നുമായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍നിന്നുള്ള നിര്‍ദേശം. ജില്ലാ സെക്രട്ടേറിയറ്റ് രൂപീകരണവും ഇന്നലെ നടന്നില്ല.
17നു കേന്ദ്രസര്‍ക്കാരിനെതിരേ എല്‍ഡിഎഫ് നടത്തുന്ന സമരപരിപാടികളും മെംബര്ഷിപ്പും ചര്‍ച്ച ചെയ്താണ് ഇന്നലത്തെ ജില്ലാ കമ്മറ്റി യോഗം അവസാനിച്ചത്. പത്മകുമാര്‍ യോഗത്തില്‍ മുഴുവന്‍ സമയവും പങ്കെടുത്തിരുന്നു. എന്നാൽ, ആരും അദ്ദേഹത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചില്ല.
പാര്‍ട്ടി വേദിയില്‍ പറയേണ്ട കാര്യം പുറത്ത് ആദ്യം പറഞ്ഞത് തെറ്റായിപ്പോയെന്ന നിലപാടിലാണ് ഇപ്പോൾ പത്മകുമാര്‍. ഇതിന്റെ പേരിലുള്ള നടപടി എന്തായാലും സ്വീകരിക്കാന്‍ തയാറാണെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.