പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ‘തൂവാനത്തുമ്പികള്‍’ പൂര്‍ത്തിയായത് മോഹന്‍ലാല്‍ കാരണം; തുറന്നു പറഞ്ഞ് പത്മരാജന്റെ ഭാര്യ…

മലയാളികളുടെ മനസ്സില്‍ ഒരു കുളിര്‍മഴയായി ക്ലാര പെയ്‌തൊഴിഞ്ഞിട്ട് ഇന്നേക്ക് 33 വര്‍ഷം പൂര്‍ത്തിയാവുന്നു. ക്ലാരയും മണ്ണാര്‍ത്തൊടി ജയകൃഷ്ണനും രാധയുമെല്ലാം മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളാണ്. പടം ഇറങ്ങി കാലം ഇത്ര കഴിഞ്ഞിട്ടും ‘തൂവാനത്തുമ്പികള്‍’ ഇപ്പോഴും മലയാളി യുവത്വത്തിന് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ്്.

പത്മരാജന്റെ ‘ഉദകപ്പോള’ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ‘തൂവാനത്തുമ്പികള്‍’ മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പാതിവഴിയില്‍ നിന്നു പോകുമായിരുന്ന ചിത്രമായിരുന്നുു ‘തൂവാനത്തുമ്പികള്‍’. അന്ന് സഹായഹസ്തവുമായി എത്തിയത് മോഹന്‍ലാലായിരുന്നെന്ന് തുറന്നുപറയുകയാണ് പത്മരാജന്റെ ഭാര്യ രാധാലക്ഷ്മി.

”നിര്‍മ്മാണം പാതി വഴിയില്‍ നിലച്ചു പോകേണ്ട ‘തൂവാനത്തുമ്പികള്‍’ മുന്നോട്ട് പോവാന്‍ സഹായഹസ്തം ലഭിച്ചിരുന്നു. ‘തൂവാനത്തുമ്പികളുടെ’ ചിത്രീകരണം നടക്കുന്നതിനിടെ സിനിമയുടെ നിര്‍മ്മാതാവിന് ഹൃദയസ്തംഭനം ഉണ്ടായി.

സിനിമ നിന്നു പോയേക്കും എന്ന അവസ്ഥ വന്നപ്പോള്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കി ഷൂട്ടിങ് തുടങ്ങാന്‍ സഹായിച്ചത് മോഹന്‍ലാല്‍ ആയിരുന്നു.

പിന്നീട് ഗാന്ധിമതി ബാലന്‍ സിനിമയുടെ നിര്‍മാണം ഏറ്റെടുത്താണ് ‘തൂവാനത്തുമ്പികള്‍’ പൂര്‍ത്തിയാക്കിയത്,” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രാധാലക്ഷ്മി പറഞ്ഞു.

പത്മരാജന്റെ സിനിമസെറ്റുകളില്‍ താന്‍ പോവാറുണ്ടായിരുന്നില്ലെന്നും എന്നാല്‍ ‘തൂവാനത്തുമ്പികള്‍’ ചിത്രീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു തവണ താനും മക്കളും ലൊക്കേഷനില്‍ പോയിരുന്നു എന്നും അവര്‍ പറഞ്ഞു.

അന്ന് മോഹന്‍ലാലിന്റെ അമ്മയും അമ്മാവനും അവിടെ ഉണ്ടായിരുന്നുവെന്നും തങ്ങള്‍ ഒന്നിച്ചിരുന്നാണ് സിനിമയുടെ ചിത്രീകരണം കണ്ടതെന്നും രാധാലക്ഷ്മി പറഞ്ഞു.

Related posts

Leave a Comment