ഭീകരാക്രമണത്തെ അപലപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്കൊപ്പം അമേരിക്ക നിലകൊള്ളുന്നുവെന്നും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ അറിയിച്ചു.
നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അമേരിക്കൻ പ്രസിഡന്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ എക്സിൽ കുറിച്ചു.ഭീകരാക്രമണത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ട്രംപിനെ അറിയിച്ചെന്നും കൂടുതൽ വസ്തുതകൾ ശേഖരിച്ചുവരികയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
അമേരിക്കയുടെ സഖ്യകക്ഷിയായ ഇന്ത്യക്കു പൂർണപിന്തുണയുണ്ടെന്നും ലീവിറ്റ് കൂട്ടിച്ചേർത്തു. ഇന്ത്യൻ വംശജയായ ഭാര്യക്കും കുട്ടികൾക്കുമൊപ്പം ഡൽഹിയിലുള്ള യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും അനുശോചനം രേഖപ്പെടുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് ഭീകരാക്രമണത്തെ “ഒരു ഭയാനക ദുരന്തം’ എന്നു വിശേഷിപ്പിച്ചു.