ആയുധങ്ങള്‍ക്കായി ചെലവാക്കുന്നത് പതിനായിരക്കണക്കിന് കോടികള്‍ ! സൂചി വാങ്ങാന്‍ പണമില്ലാതെ എയ്ഡ്‌സ് രോഗം കൊണ്ട് വലഞ്ഞ് പാക്കിസ്ഥാന്‍ ! ഇമ്രാന്‍ ഖാന്‍ കാഷ്മീരിനെക്കുറിച്ച് മാത്രം ചിന്തിക്കുമ്പോള്‍ രാജ്യമെങ്ങും നിറയുന്നത് എയ്ഡ്‌സ് ഭീതി

പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്‌സ് രോഗം വ്യാപിക്കുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ കോടിക്കണക്കിനു രൂപ വകയിരുത്തുന്ന പാക്കിസ്ഥാന്‍ ആരോഗ്യരംഗത്തെ തഴയുന്നതിന്റെ ബാക്കിപത്രമാണ് രാജ്യത്ത് സംജാതമായിരിക്കുന്ന ഈ അവസ്ഥ. കഴിഞ്ഞ വര്‍ഷം 1.2 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തില്‍ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്‌സ് അതിവേഗം പകരാന്‍ കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തവയാണ്. മുറിവൈദ്യന്മാരുടെ നാടാണ് പാക്കിസ്ഥാന്‍. ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ ഉള്ളത്. ഇതില്‍ 2.7 ലക്ഷം പേരും സിന്ധ് പ്രവിശ്യയിലാണ്. പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ അനാരോഗ്യസാഹചര്യങ്ങളിലുള്ള സൂചികള്‍ ഉപയോഗിച്ച് കുത്തിവെപ്പ് നല്‍കുന്നതാണ് രോഗം അതിവേഗം പടരാന്‍ കാരണമെന്നാണു വിലയിരുത്തല്‍.

ഷാകോട്ടില്‍ രണ്ടു വര്‍ഷത്തിനിടെ 140ല്‍ അധികം പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയതായി പഞ്ചാബ് പ്രവിശ്യ സര്‍ക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മാത്രം ഇതു വരെ 85 പേര്‍ക്കു എച്ച്‌ഐവി ബാധിച്ചതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബസ്തറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നന്‍കാന സാഹിബിലെ ഷാക്കോട്ടില്‍ പകര്‍ച്ചവ്യാധിയെന്ന പോലെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു ലക്ഷം ജനസംഖ്യയുളള ഇവിടെ 2018 സെപ്റ്റംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 54 പേര്‍ക്കാണ് എയ്ഡ്‌സ് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ വര്‍ഷം ജൂലൈ 27 വരെ 85 പേര്‍ കൂടി എച്ച്‌ഐവി പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നു. ഇതില്‍തന്നെ 56 സ്ത്രീകളും എഴു വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ എയ്ഡ്‌സ് പടരുന്നതു തടയാന്‍ പാക്കിസ്ഥാന്‍ ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയിരുന്നു. സിന്ധ് പ്രവിശ്യയില്‍ 600ഓളം പേര്‍ എയ്ഡ്‌സ് ബാധിതരാണെന്നാണു നിലവിലെ കണക്കുകള്‍. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയില്‍ അതിവേഗം എയ്ഡ്‌സ് പടരുന്ന രണ്ടാമത്തെ രാജ്യമാണ് പാക്കിസ്ഥാന്‍. 2017ല്‍ മാത്രം ഇരുപതിനായിരത്തോളം പേരാണ് അസുഖബാധിതരായത്. ഏഷ്യയില്‍ ഫിലിപ്പീന്‍സിലാണ് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുള്ളത്. 170 ശതമാനമാണ് വര്‍ധന. ഇതേത്തുടര്‍ന്ന് ഫിലിപ്പീന്‍സില്‍ കഴിഞ്ഞ വര്‍ഷം അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

2019 മേയില്‍ തെക്കന്‍ പാക്കിസ്ഥാനിലെ അല്ലാ ദിനോ സീല്‍റോ എന്ന ചെറുഗ്രാമത്തില്‍ ഒരു മാസത്തിനിടെ 21 പേര്‍ക്ക് പുതുതായി എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചിരുന്നു. ഇതില്‍ 17 പേര്‍ കുട്ടികളാണ്. 1500 ഓളം പേര്‍ മാത്രമുളള ഗ്രാമത്തില്‍ രണ്ട് മാസത്തിനിടെ 700ഓളം പേര്‍ക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചെന്നാണ് അധികൃതരുടെ ഔദ്യോഗിക കണക്ക്. രണ്ടിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ള 537 കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു. എങ്ങനെയാണ് വൈറസ് പടര്‍ന്നുപിടിച്ചതെന്നോ എച്ച്‌ഐവി എന്തെന്നോ എങ്ങനെ പകരുമെന്നോ ഇവിടുത്തെ ഗ്രാമവാസികള്‍ക്ക് അറിയില്ലെന്നും അല്ലാ ദിനോ സീല്‍റോയിലെ ഡോ. രമേശ് ലാല്‍ സേതിയ പറയുന്നു.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുളള വസായോ ഗ്രാമത്തില്‍ ഇക്കഴിഞ്ഞ മേയില്‍ നാനൂറോളം പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചിരുന്നു. അതിലും കുട്ടികളാണ് കൂടുതല്‍. അണുബാധയുള്ള സിറിഞ്ച് ഉപയോഗിച്ച് ഒരേ ഡോക്ടര്‍ കുത്തിവച്ചതിലൂടെയാണ് ഇത്രയധികം കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. ശിശുരോഗ വിദഗ്ധനായി ജോലി ചെയ്യുകയായിരുന്നു ഡോ. മുസാഫര്‍ ഘാംഗ്രോയെ ഇതിനെത്തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ നിരപരാധിയാണെന്നും എയ്ഡ്‌സ് എങ്ങനെ പകര്‍ന്നുവെന്ന് അറിയില്ലെന്നുമായിരുന്നു ഡോക്ടറുടെ വാദം. ഡോക്ടര്‍ക്കും എച്ച്‌ഐവി ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 65 കുട്ടികള്‍ ഉള്‍പ്പെടെ 90 പേര്‍ക്കാണ് അണുവിമുക്തമാക്കാത്ത സിറിഞ്ചിലൂടെ എച്ച്‌ഐവി പകര്‍ന്നത്. ബാക്കിയുള്ളവര്‍ക്ക് എങ്ങനെ രോഗം പകര്‍ന്നുവെന്ന കാര്യത്തില്‍ വ്യക്തതയില്ല.

പാക്കിസ്ഥാനില്‍ ഉടനീളം രോഗം വ്യാപിക്കാനുളള സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സിറിഞ്ചുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും മുറിവൈദ്യന്മാരുമാണ് എയ്ഡ്‌സ് വ്യാപനത്തിനു മുഖ്യകാരണമാകുന്നത്. ലര്‍കാന നഗരപരിധിയില്‍ ഇക്കഴിഞ്ഞ മേയില്‍ മാത്രം 18 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു. എച്ച്‌ഐവി പ്രതിരോധത്തില്‍ ഏറെ പിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തുന്നില്ല എന്നതും പാക്കിസ്ഥാനിലെ അവസ്ഥ പരിതാപകരമാക്കുകയാണ്.

Related posts