കക്കൂസില്‍ ഉപയോഗിക്കുന്ന പൊട്ടിയ ബക്കറ്റില്‍ നിറച്ച പുളിശ്ശേരി! പൂപ്പല്‍ പിടിച്ച അച്ചാറും പുഴുവരിച്ച ചിക്കനും; പാലായിലെ നഗരസഭാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലുകളില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന കാര്യങ്ങള്‍

ഹോട്ടലുകളുടെ പിന്നാമ്പുറങ്ങളില്‍ അരങ്ങേറുന്ന കാര്യങ്ങള്‍, ഭക്ഷണം കഴിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ആളുകളും ശ്രദ്ധിക്കാറില്ല. എന്നാല്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരോ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരോ പരിശോധനകള്‍ക്കായി എത്തുമ്പോഴാണ് അവിടെ അരങ്ങേറുന്ന പല കാര്യങ്ങളും വെളിച്ചത്ത് വരുന്നത്.

സമാനമായ രീതിയില്‍ പാലായിലെ ചില ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ പാലാക്കാരെയെന്നല്ല, കാണുന്നവരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. പാലായില്‍ നഗരസഭാ ആരോഗ്യ വിഭാഗം ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഭക്ഷണ സാധനങ്ങളുടെ അവസ്ഥ കണ്ടാല്‍ ആരുമൊന്നറയ്ക്കും.

ചെറിയ ഹോട്ടലുകളില്‍ മാത്രമല്ല, പാലാക്കാര്‍ ‘സൂപ്പര്‍’ ആയി കാണുന്ന ചില ഹോട്ടലുകളിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണ്ടെത്തിയ സാധനങ്ങളും ഹോട്ടലുകളിലെ സാഹചര്യങ്ങളും കണ്ടാല്‍ വായില്‍ നിന്ന് വെള്ളമിറക്കാന്‍ പോലും ബുദ്ധിമുട്ടുമത്രേ.

കക്കൂസില്‍ ഉപയോഗിക്കുന്ന പൊട്ടിയ ബക്കറ്റില്‍ നിറച്ച പുളിശ്ശേരി, പൂപ്പല്‍ പിടിച്ച അച്ചാര്‍, പുഴുവരിച്ച ചിക്കന്‍, മോരില്‍ ചത്ത പാറ്റകള്‍, നാലു ദിവസം പഴക്കമുള്ള ചോറ്, ചീഞ്ഞ മീന്‍ കറി ( വീണ്ടും ചൂടാക്കി ഫ്രഷ് ആക്കിയത് ), ഒരു മാസത്തോളം ആവര്‍ത്തിച്ചുപയോഗിച്ച ‘കരി ഓയില്‍’, പരുവമായ എണ്ണ എന്നിവയൊക്കെയാണ് കണ്ടെത്തിയവയിലെ പ്രധാന ഐറ്റങ്ങള്‍.

പിടിച്ചെടുത്ത പുളിച്ചുവളിച്ച ഭക്ഷ്യവസ്തുക്കള്‍ കണ്ട് ഞെട്ടിപ്പോയെന്നാണ് നഗരസഭ ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ പിന്നീട് പറഞ്ഞത്. ഇതോടെ രണ്ട് ഹോട്ടലുകള്‍ അധികൃതര്‍ പൂട്ടിക്കുകയും ചെയ്തു. പാലാ ടൗണിലെയും, തെക്കേക്കരയിലെയും ഓരോ ഹോട്ടലുകളാണ് പൂട്ടിച്ചത്. എന്തൊക്കെയാണെങ്കിലും സ്ഥിരം നടക്കാറുള്ളതുപോലെ പുതുമ വരുത്തി പുതിയ അവതാരവുമായി ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.

Related posts