വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പലസ്തീൻ അനുകൂല ആക്ടിവിസ്റ്റ് മഹ്മൂദ് ഖലീലിനെ അൾജീരിയയിലേക്കോ സിറിയയിലേക്കോ നാടുകടത്താൻ കുടിയേറ്റകാര്യ കോടതി ഉത്തരവിട്ടു. അമേരിക്കയിൽ സ്ഥിരതാമസം ലഭിക്കാൻ നല്കിയ അപേക്ഷയിൽ ചില കാര്യങ്ങൾ മനഃപൂർവം മറച്ചുവച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം, ഖലീലിനെ നാടുകടത്താനോ, തടവിലാക്കാനോ പാടില്ലെന്നു ഫെഡറൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഈ ഉത്തരവിന് ഇപ്പോഴും സാധുതയുണ്ട്. കുടിയേറ്റകാര്യ കോടതിയുടെ ഉത്തരവിനെതിരേ അപ്പീൽ നല്കും.
കൊളംബിയ യൂണിവേഴ്സിറ്റി വിദ്യാർഥിയായിരുന്ന ഖലീൽ, ഗാസ യുദ്ധത്തിനെതിരേ കാന്പസിൽ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്കിയിരുന്നു. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിനു ശേഷം കാന്പസുകളിലെ യഹൂദവിരുദ്ധത അവസാനിപ്പിക്കാൻ സ്വീകരിച്ച നടപടികളുടെ ഭാഗമായി ഖലീൽ മാർച്ചിൽ അറസ്റ്റിലായി. ഇദ്ദേഹത്തെ നാടുകടത്താനുള്ള നീക്കങ്ങൾ തടഞ്ഞ ഫെഡറൽ കോടതി ജൂണിൽ മോചനം അനുവദിച്ചു.
സിറിയയിൽ ജനിച്ച് അൾജീരിയൻ പൗരത്വമുള്ള പലസ്തീൻ വംശജനായ ഖലീൽ അമേരിക്കയിൽ സ്ഥിരതാമസം ലഭിക്കാൻ നല്കിയ അപേക്ഷയിൽ, മുന്പ് ഐക്യരാഷ്ട്രസഭയുടെ പലസ്തീൻ സഹായ ഏജൻസിയിൽ പ്രവർത്തിച്ച കാര്യവും ബെയ്റൂട്ടിലെ ബ്രിട്ടീഷ് എംബസിയിൽ ജോലി ചെയ്ത കാര്യവും മറച്ചുവച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെ കുടിയേറ്റകാര്യ കോടതിയുടെ ഉത്തരവെന്ന് സൂചനയുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ട്രംപ് ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നു ഖലീൽ പ്രതികരിച്ചു.