ഭാര്യയ്ക്ക് ജോലിക്കു പോകാന്‍ മാതാപിതാക്കള്‍ കുട്ടിയെ നോക്കിയില്ല, തക്കംപാര്‍ത്തിരുന്ന മജോ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടി, നാട്ടുകാരും വീട്ടുകാരും ചോദിച്ചപ്പോള്‍ ദൃശ്യം മോഡല്‍ മറുപടിയും, പന്തളത്ത് നടന്നത്

222മാതാപിതാക്കളെ കൊന്നു പൊട്ടക്കിണറ്റില്‍ തള്ളിയശേഷം മകന്‍ പോലീസില്‍ കീഴടങ്ങി. പന്തളം തെക്കേക്കര പഞ്ചായത്തില്‍ പൊങ്ങലടി കാഞ്ഞിരവിളയില്‍ കെ.എം.ജോണ്‍ (72), ഭാര്യ ലീലാമ്മ ജോണ്‍ (63) എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഇവരുടെ ഇളയ മകന്‍ മാത്യൂസ് ജോണാണ്(മജോ33) പന്തളം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. 11 ദിവസങ്ങളായി കാണാനില്ലായിരുന്ന ദമ്പതികളുടെ മൃതദേഹങ്ങള്‍ ഇന്നലെ ഉച്ചകഴിഞ്ഞ് കണ്ടെടുത്തു.

മാത്യൂസിനൊപ്പം കുടുംബവീട്ടില്‍ താമസിച്ചു വരികയായിരുന്നു ജോണും ലീലാമ്മയും. ഇരുവരെയും കഴിഞ്ഞ ജൂണ്‍ 25 മുതല്‍ കാണാനില്ലായിരുന്നുവെന്നു പറയുന്നു. സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ അന്വേഷിച്ചപ്പോള്‍ ഇരുവരും പോട്ടയില്‍ ധ്യാനത്തിനു പോയിരിക്കുകയാണെന്നാണ് മാത്യൂസ് പറഞ്ഞിരുന്നത്. രണ്ടു പേരുടെയും മൊബൈല്‍ നന്പരുകളില്‍ ബന്ധുക്കള്‍ വിളിച്ചെങ്കിലും കിട്ടിയില്ല.

ഒരാഴ്ച കഴിഞ്ഞും ഇരുവരെയും കാണാതെ വന്നതോടെ ബന്ധുക്കള്‍ അന്വേഷണമായി. ജോണിന്റെ മൂത്ത മകന്‍ ഖത്തറില്‍ ജോലി ചെയ്യുന്ന വര്‍ഗീസ് ജോണിന്റെ (ലിജോ) ഭാര്യ ഷിബി വിവരമറിഞ്ഞ് കുടുംബവീട്ടിലെത്തി. വര്‍ഗീസ് വിളിച്ചപ്പോഴും ബന്ധുക്കളുടെ അന്വേഷണത്തിലും വ്യക്തമായ മറുപടി കിട്ടാതെ വന്നതോടെ ഇന്നലെ രാവിലെ പോലീസില്‍ പരാതി നല്കുമെന്നു വര്‍ഗീസ് പറഞ്ഞു. ഇതോടെ മാത്യൂസ് മാതാപിതാക്കളെ കൊലപ്പെടുത്തിയതായി വെളിപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിനിടെ ബന്ധുക്കള്‍ സ്‌റ്റേഷനില്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ എട്ടോടെ പോലീസ് വീട്ടിലെത്തി. ഈ സമയം മാത്യൂസ് കാറില്‍ പന്തളം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.

കഴിഞ്ഞ 25ന് ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവമെന്നു മാത്യൂസ് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. വീടിന്റെ രണ്ടാംനിലയില്‍ ജോണും മാത്യൂസും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടയില്‍ ജോണിന്റെ തലയ്ക്ക് ഇയാള്‍ കൈകൊണ്ടിടിച്ചു പരിക്കേല്‍പിച്ചതോടെ ജോണ്‍ തറയില്‍ വീണു. പിന്നീട്, താഴെയെത്തിയ മാത്യൂസ് തടിക്കഷണവുമായി രണ്ടാം നിലയിലെത്തി വീണ്ടും അടിച്ചു കൊലപ്പെടുത്തി. വൈകുന്നേരം നാലോടെ കുടുംബശ്രീ യോഗത്തിനു പോയി മടങ്ങി വന്ന ലീലാമ്മ അന്വേഷിച്ചപ്പോള്‍ പിതാവ് രണ്ടാം നിലയിലുണ്ടെന്ന് മാത്യൂസ് പറഞ്ഞു. മുകളിലെത്തി ജോണിനെ പരിക്കേറ്റ നിലയില്‍ കണ്ടതോടെ ഇവര്‍ ഉറക്കെ നിലവിളിച്ചു. ഉടന്‍ മാത്യൂസ് അവിടെയെത്തി തടിക്കഷണം കൊണ്ടു ലീലാമ്മയെയും മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് പറയുന്നത്. ഭാര്യ നിഷയ്ക്ക് ജോലിക്കുപോകാന്‍ ഒരു വയസുള്ള കുട്ടിയെ മാതാപിതാക്കള്‍ നോക്കാത്തതാണ് കൊലയ്ക്കു കാരണമെന്നാണ് സൂചന.

26ന് ഉച്ചകഴിഞ്ഞ് മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് ചാക്കില്‍ വരിഞ്ഞു കെട്ടി, കാറില്‍ കയറ്റി വീടിന് മുന്നിലെ റോഡിലൂടെ പിന്‍ഭാഗത്തെ പുരയിടത്തിലെത്തിച്ചശേഷം കിണറ്റില്‍ തള്ളുകയായിരുന്നു. ശനിയാഴ്ച ജെസിബി എത്തിച്ച് കുഴിയില്‍ മണ്ണിട്ട് മറവ് ചെയ്തുവെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. കിണറ്റില്‍ നിന്ന് ഈ ദിവസങ്ങളില്‍ ദുര്‍ഗന്ധം വമിച്ചപ്പോള്‍ താന്‍ നായ്ക്കളെ വിഷം കൊടുത്തു കൊന്നു കിണറ്റില്‍ തള്ളിയിട്ടുണ്ടെന്നാണ് മാത്യൂസ് അയല്‍വാസികളോടു പറഞ്ഞത്. പിന്നീടായിരുന്നു ജെസിബി കൊണ്ടുവന്ന് കിണര്‍ മൂടിയത്.പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. എംഎസ്‌സി നഴ്‌സിംഗ് ബിരുദധാരിയായിരുന്ന മാത്യൂസ് മുമ്പ് ഗള്‍ഫിലും ഹൈദരാബാദിലും ജോലി ചെയ്തിരുന്നെങ്കിലും ഏറെക്കാലമായി ജോലിക്കൊന്നും പോയിരുന്നില്ല. ഇയാളുടെ ഭാര്യ നിഷയും കുട്ടിയും കോട്ടയത്തെ വീട്ടിലുമായിരുന്നു. ഇയാള്‍ മാതാപിതാക്കളോട് അത്ര സ്വരചേര്‍ച്ചയിലായിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.

Related posts