സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥി ചർച്ചകൾ ഇരുമുന്നണികളിലും അനൗദ്യോഗികമായി ആരംഭിച്ചു.
തെരഞ്ഞെടുപ്പിനു ഇനിയും മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഏതു സമയത്തു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും സ്ഥാനാർഥി പ്രഖ്യാപനം അതിവേഗംതന്നെ നടത്താനാണ് മുന്നണികളുടെ നീക്കം.
യുഡിഎഫിൽ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസ് നിലവിലുള്ള എംപിമാർക്കു വീണ്ട ും മത്സരിക്കാനുള്ള അനുമതി നല്‍കിക്കഴിഞ്ഞു.
ഈ സാഹചര്യത്തിൽ കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയിലും കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് മുന്നണി വിട്ടുപോയതിനെ തുടർന്ന് നഷ്ടമായ കോട്ടയം സീറ്റിലുമാവും പുതുതായി സ്ഥാനാർഥികളെ കണ്ടെ ത്തേണ്ട ത്.
ഇതിൽ കോട്ടയം സീറ്റിന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിക്കും. എന്നാൽ മാണി വിഭാഗത്തെപ്പോലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ശക്തിയില്ലെന്ന വാദമാണ് കോണ്‍ഗ്രസിലെ പല നേതാക്കളും മുന്നോട്ടു വയ്ക്കുന്നത്.
കോണ്‍ഗ്രസ് ഈ സീറ്റിൽ മത്സരിക്കണമെന്ന അഭിപ്രായവും മുന്നോട്ടുവയ്ക്കുന്നു.മുൻ മന്ത്രി കെ.സി. ജോസഫ്, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് പ്രധാനമായും ഇവർ മുന്നോട്ടു വയ്ക്കുന്നത്.
പുതുമുഖങ്ങൾക്ക് അവസരം നല്‍കണമെന്ന അഭിപ്രായവുമുണ്ട്. എം.ജി സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ഡോ. അജീസ് ബെൻ മാത്യൂസ് ഉൾപ്പെടെയുള്ളവരുടെ പേരും ചർച്ചയിലുണ്ട്.
കെപിസിസി പ്രസിഡന്റിന്റെ വിശ്വസ്തനും കോട്ടയം മണ്ഡലത്തിലെ പ്രബല സമുദായാംഗവുമെന്നതും അജീസിനെ തുണയ്ക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള ഡോ. റോണി കെ.ബേബി ഉൾപ്പെടെയുള്ളവരുടെയും പേര് പരിഗണിക്കണമെന്ന് അണികൾക്കിടയിൽ അഭിപ്രായമുണ്ട്.
കേരള കോണ്‍ഗ്രസിന് സീറ്റ് നല്കിയാൽ പാർട്ടി ചെയർമാൻ പി.ജെ ജോസഫിനെ തന്നെ രംഗത്തിറക്കണമെന്നതാണ് പൊതു ആവശ്യം.
ആലപ്പുഴയിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട ഷാനിമോൾ ഉസ്മാനെ തന്നെ മത്സരിപ്പിക്കണമെന്ന ആവശ്യം യുഡിഎഫിൽ ഉയരുന്നുണ്ട്.
എന്നാൽ ഇവിടെയും പുതുമുഖങ്ങൾക്കോ യുവാക്കൾക്കോ അവസരം നല്‍കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. നിലവിലെ സംഘടനാ ജനറൽ സെക്രട്ടറിയും ആലപ്പുഴയിൽ ദീർഘകാലം എംഎൽഎയുമായിരുന്ന കെ.സി വേണുഗോപാൽ ആലപ്പുഴയിൽ നിന്നു മത്സരിക്കണമെന്ന വാദവും ശക്തമാണ.
ചുരുക്കത്തിൽ യുഡിഎഫിന് കൂടുതൽ ചർച്ചകൾ വേണ്ടി വരിക കോട്ടയം, ആലപ്പുഴ സീറ്റുകളിൽ മാത്രമാവും.