കോട്ടയം: ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലാ രാമപുരം കൂടപ്പുലം രാധാഭവനില്‍ വിഷ്ണു (36) ഭാര്യ രശ്മി (35) എന്നിവരെയാണ് ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പാലത്തെ വീട്ടില്‍ ഇന്നു രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കരികില്‍നിന്ന് സിറിഞ്ചും കണ്ടെത്തിയിട്ടുണ്ട്. മരുന്നു കുത്തിവച്ചാണ് ഇരുവരും മരിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വിവിധ സ്ഥാപനങ്ങളുടെ കരാര്‍ ജോലികൾ ഏറ്റെടുത്തു ചെയ്യുന്നയാളാണ് വിഷ്ണു. ഈരാറ്റുപേട്ട സണ്‍ റൈസ് ഹോസ്പിറ്റലിലെ നഴ്സിംഗ് സൂപ്രണ്ടാണ് രശ്മി. പനയ്ക്കപ്പാലം വില്ലേജിൽ മീനച്ചിലാറിനോടു ചേര്‍ന്നു വാടകവീട്ടിലായിരുന്നു താമസം. ഹോസ്പിറ്റലില്‍നിന്നു രാവിലെ രശ്മിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഈരാറ്റുപേട്ട പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.