ഇവരെ ഇനി അഡ്മിനുകളാക്കി മുന്നോട്ട് പോവാന്‍ സാധിക്കില്ല! ഞാന്‍ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നു; തുറന്നടിച്ച്, നടിയും സാമൂഹികപ്രവര്‍ത്തകയുമായ പാര്‍വതി

സോഷ്യല്‍മീഡിയ വഴിയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ സമൂഹത്തില്‍ അരങ്ങേറുന്നത്. ശത്രുക്കളെ പരസ്യമായി അപമാനിക്കാനുള്ള വേദിയായാണ് പലരും സമൂഹമാധ്യമങ്ങളെ കണ്ടുവരുന്നത്. സെലിബ്രിറ്റികളാണ് ഈ രീതിയില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത്. മിക്ക സെലിബ്രിറ്റികളുടെയും ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ ഏജന്‍സികളോ മറ്റു സന്നദ്ധപ്രവര്‍ത്തകരോ ആണ്. എന്നാല്‍ ഇവരില്‍ ചിലര്‍ അവരുടെ ബിസിനസ് ആവശ്യങ്ങള്‍ ലക്ഷ്യംവച്ചുകൊണ്ട് സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പേജ് ഉപയോഗിക്കുന്നുണ്ട്.

ലക്ഷങ്ങള്‍ ലൈക്കുള്ള പേജില്‍ വീഡിയോകളും പോസ്റ്റുകളും ഷെയര്‍ ചെയ്താല്‍ വാണിജ്യപരമായി വന്‍ നേട്ടമുണ്ടാക്കാനാകും. ഇതിനായിട്ടാണ് അവര്‍ സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പേജ് ദുരുപയോഗം ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ പാര്‍വതിയുടെ ഫേസ്ബുക്ക് പേജിലും അവഹേളിക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. ഇതേത്തുടര്‍ന്നാണ് താന്‍ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയാണെന്ന് വ്യക്തമാക്കികൊണ്ട് പാര്‍വതി രംഗത്തെത്തിയത്. പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പാര്‍വതി.റ്റി എന്ന പേരില്‍ എനിക്ക് ഒരു പേജ് ഉണ്ടായിരുന്നു. പേജ് വെരിഫൈഡും ആയതാണ്. പക്ഷേ ഇന്ന് ഞാനാപേജ് ഡിലീറ്റ് ചെയ്യുകയാണ്. Richy Yesudas ആണ് എന്നോട് പേജ് മാനേജ് ചെയ്യാമെന്നും വെരിഫൈ ചെയ്യാമെന്നും പറഞ്ഞത്. അതില്‍ എനിക്ക് താല്പര്യമില്ലെന്ന്,അന്ന് തന്നെ ആ കുട്ടിയോട് പറഞ്ഞു. പല തവണ പറഞ്ഞപ്പോള്‍ ശരി എന്ന് സമ്മതിച്ചു.അങ്ങനെ പേജ് വെരിഫൈ ചെയ്യാനുള്ള പ്രോസസ്സ് തുടങ്ങി. ആദ്യം റിച്ചിയെ അഡ്മിന്‍ ആക്കി. റിച്ചി എന്റെ അനുവാദമില്ലാതെ ഒന്നും പോസ്റ്റ് ചെയ്തിട്ടില്ല .പ്രൊഫൈലില്‍ ഇടുന്നത് മാത്രമേ ഷെയര്‍ ചെയ്യാവു എന്നും സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങള്‍ പ്രൊഫൈലില്‍ മാത്രം മതി എന്നും ഞാന്‍ അറിയിച്ചിരുന്നു വരുന്ന കമന്റുകള്‍ക്ക് മറുപടി കൊടുക്കുന്നത് കൊണ്ട് പ്രൊഫൈലിലാണെങ്കില്‍ എനിക്ക് ഒരു നിയന്ത്രണമുണ്ടാകും അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞിരുന്നത്.

ഇന്നലെ ദിലീപ് വിഷയത്തിലും ഇന്ന് സരിതാ നായരുടെയും ഒരു പോസ്റ്റ് എന്റെ പേജില്‍ നിന്ന് ഷെയറായി. വിനു ജനാര്‍ദനന്‍ പറഞ്ഞാണ് ദിലീപ് പോസ്റ്റിന്റെ കാര്യം ഞാനറിഞ്ഞത്. ഞാന്‍ നോക്കിയപ്പോള്‍ പോസ്റ്റില്ല. ഇന്ന് സരിത വിഷയത്തിലെ പോസ്റ്റ് സുനല ശശിധരനും. ഞാന്‍ അറിയാതെ, എന്റെ അനുവാദമില്ലാതെ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് എന്റെ കൈയ്യില്‍ കിട്ടുമ്പോഴേക്കും പോസ്റ്റ് ഡിലീറ്റ് ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ പിന്നിലെ കാരണം അന്വേഷിച്ചപ്പോള്‍, പേജ് വെരിഫൈ ചെയ്യുന്നതിന്റെ പേരില്‍ അഡ്മിന്‍ ആയ ധനഞ്ജയ് സി എസ് ആണ് ഈ ഫ്രോഡ് വേല ചെയ്തതെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

ഞാന്‍ വിളിച്ചപ്പോള്‍ അറിയാതെ പറ്റിയതാണെന്ന്. ഏതായാലും ഇനിയും ഇങ്ങനെ അറിയാതെ പറ്റുന്നത് എന്നെ കുഴപ്പത്തിലാക്കും എന്നുള്ളത് കൊണ്ട് ഞാന്‍ പേജ് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. ഇവര്‍ക്ക് പ്രൊമോട്ട് ചെയ്യാന്‍ കിട്ടുന്ന പോസ്റ്റുകള്‍ ഇവര്‍ മാനേജ് ചെയ്യുന്ന പേജുകളില്‍ അനുവാദമില്ലാതെ ഷെയര്‍ ചെയ്തത് തെറ്റാണ് എന്ന് മാത്രമല്ല ഫ്രോഡ് ഏര്‍പ്പാടാണ്. ഞാന്‍ ഉണ്ടാക്കിയ പേജ് ഞാന്‍ ഡിലീറ്റ് ചെയ്യുന്നു, വെരിഫൈ ചെയ്ത് തന്നതിന്റെ പേരില്‍ അവര്‍ എനിക്ക് വേണ്ടി സംസാരിക്കാനും തുടങ്ങി. പ്രൊമോട്ട് ചെയ്ത് കൊടുക്കാന്‍ ഏറ്റെടുക്കുന്നവരോടുള്ള ഉത്തരവാദിത്വം എനിക്ക് മനസ്സിലാകും. പക്ഷേ നിങ്ങളെ വിശ്വസിച്ചവരെ ബോധപൂര്‍വം ചതിക്കുന്നത് തെറ്റാണ്. ഇവരെ അഡ്മിനുകളാക്കി വെച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ പറ്റാത്തത് കൊണ്ട് പേജ് തന്നെ ഡിലീറ്റ് ചെയ്യുന്നു.

 

Related posts