സ്കൂളുകളിൽ സർക്കാരിന്റെയും സ്കൂൾ മാനേജ്ന്റിന്റെയും സന്നദ്ധ സംഘടനകളുടെയുമൊക്കെ നേതൃത്വത്തിൽ പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കാറുണ്ട്.
എന്നാൽ, പോലീസിന്റെ നേതൃത്വത്തിൽ ഒരു സ്കൂളിലെ പ്രവേശനോത്സവം പൂർണമായും ഏറ്റെടുത്തു നടത്തി വ്യത്യസ്തരായി മാറിയിരിക്കുകയാണ് പെരുവന്താനം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ഇനി ഇവർ സംഘടിപ്പിച്ചതോ വെറും പ്രവേശനോത്സവമല്ല. സ്കൂളിലെ പ്രവേശനോത്സവത്തിന്റെ അലങ്കാരം മുതൽ നവാഗതരെ സ്വീകരിക്കൽ വരെയും പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടന്നത്.
മധുര പലഹാരങ്ങൾ നൽകി കുഞ്ഞുകുട്ടികളെ കാക്കിപ്പട കൈയിലെടുത്തതോടെ കുരുന്നുകളുടെ മനസിലെ പേടിയും മാഞ്ഞു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് ബാഗും കുടയും പഠനോപകരണങ്ങളും കൂടാതെ ഉച്ചക്കഞ്ഞി കുടിക്കുന്നതിനാവശ്യമായ പാത്രങ്ങളും ഉൾപ്പെടെയാണ് പോലീസ് ഒരുക്കി നൽകിയത്.
പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ മാട്ടുപ്പെട്ടി എൽപി സ്കൂളിലാണ് പോലീസിന്റെ പ്രവേശനോത്സവം നടന്നത്. വാർഡ് അംഗം എം.സി. സുരേഷ് അധ്യക്ഷത വഹിച്ചു. പീരുമേട് ഡിവൈഎസ്പി വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെ. രതീഷ്, ടിആര് ആൻഡ് ടി എസ്റ്റേറ്റ് മാനേജർ ജോർജ് ജേക്കബ്, പെരുവന്താനം എസ്എച്ച്ഒ ത്രിതീപ് ചന്ദ്രൻ, സുനിൽ സുരേന്ദ്രൻ, ജോസഫ് കാവ്യ സാന്ദ്രം, ആശ മോൾ, സ്റ്റാഫ് സെക്രട്ടറി ധന്യ അരുൺ തുടങ്ങിയവർ പ്രസംഗിച്ചു.
എസ്ഐമാരായ ബിജു ജോസഫ്, അജ്മൽ, സെയ്ദ് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ പ്രവീൺ, അശോകൻ, ജോബിൻ, ജനിഷ് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി അക്ഷരദീപവും തെളിച്ചു.