തുടര്‍ച്ചയായ 57 ദിവസത്തെ വിലിയിടിവിന് ശേഷം പെട്രോള്‍ വിലയില്‍ വീണ്ടും ഉയര്‍ച്ച! വരും ദിവസങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നേക്കുമെന്നും സൂചന; തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രതിഫലനമെന്ന് വിലിയിരുത്തല്‍

തുടര്‍ച്ചയായ 57 ദിവസത്തെ വിലയിടിവിനു ശേഷം പെട്രോള്‍ വില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ലിറ്ററിന് 11 പൈസയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഡീസല്‍ വിലയില്‍ മാറ്റമില്ല. കൊച്ചി നഗരത്തില്‍ 72.03 രൂപ വരെ കുറഞ്ഞ പെട്രോള്‍ വില ഇന്ന് 72.14 രൂപയായി. 68.22 രൂപയാണു നഗരത്തിലെ ഡീസല്‍ വില.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 70.29 രൂപയും ഡീസലിന്റെ വില 64.66 രൂപയുമാണ്. മുംബൈയില്‍ പെട്രോളിന്റെ വില 75.80 രൂപയും ഡീസലിന്റെ വില 67.66 രൂപയുമാണ്. വരും ദിവസങ്ങളിലും ഇന്ധന വില ഉയരാനാണ് സാധ്യത.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ നേരിയ വര്‍ധനയെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കൂട്ടിയത്. നഗരത്തില്‍ 85 രൂപയ്ക്കു മുകളിലെത്തിയ പെട്രോള്‍ വിലയാണ് പടിപടിയായി കുറഞ്ഞ് 72ല്‍ എത്തിയത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വന്നതും കേന്ദ്രം ഭരിക്കുന്ന ബിജെപി വലിയ രീതിയില്‍ തോറ്റതും വീണ്ടും ഇന്ധനവില വര്‍ധനവുണ്ടാകാന്‍ കാരണമായി എന്നാണ് വിലയിരുത്തുന്നത്.

Related posts