തങ്ങള്‍ പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിക്കാഞ്ഞതിന് പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ചവിട്ടിക്കൂട്ടി !മുളകുപൊടി മുഖത്തെറിഞ്ഞ് ഇരുമ്പുവടികൊണ്ട് തല്ലിയത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികളുടെ മുമ്പിലിട്ട്; കാഞ്ഞങ്ങാട് നടന്ന സംഭവങ്ങള്‍ ഇങ്ങനെ…

കാസര്‍ഗോഡ്:സീനിയേഴ്‌സ് പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിച്ചില്ല എന്നാരോപിച്ച് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററിയിലെ പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ഇതേ സ്‌ക്കൂളിലെ പത്തോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചവശനാക്കിയത്. കയ്യില്‍ കരുതിയ മുളക് പൊടി, ഇരുമ്പ് വടി, കോമ്പസ്, ക്ലാസ്സിലുണ്ടായിരുന്ന കസേര മേശ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം.

കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമായിരുന്നു വിദ്യാര്‍ത്ഥികളുടെ അക്രമം. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്ത് നില്‍ക്കുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിയോട് തങ്ങള്‍ പറഞ്ഞ രീതിയില്‍ വസ്ത്രം ധരിച്ച് എത്താതിരുന്നതെന്താണ് എന്ന് ചോദിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ഇതിന് മറുപടി പറയാതെ വേഗം തന്നെ ക്ലാസ്സ് മുറിയിലേക്ക് ഓടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പിന്‍തുടര്‍ന്നെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലി ചതയ്ക്കുകയായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.

മുളക് പൊടി വിദ്യാര്‍ത്ഥിയുടെ മുഖത്തേക്ക് എറിയുകയും മുഖത്തടിച്ച് താഴെയിട്ട് ചവിട്ടുകയും ക്ലാസ്സിലുണ്ടായിരുന്ന മേശ എടുത്തുയര്‍ത്തി ദേഹത്തേക്ക് ഇടുകയുമായിരുന്നു. പിന്നാലെ കസേര എടുത്തടിക്കുകയും ചെയ്തു. ഈ സമയം പത്തോളം വിദ്യാര്‍ത്ഥികളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ താഴെയിട്ട് ചവിട്ടിയത്. ഉച്ചത്തില്‍ കരഞ്ഞു വിളിച്ചിട്ടും വിദ്യാര്‍ത്ഥിയെ അവര്‍ വെറുതെ വിട്ടില്ല. താഴെ നിന്നും എഴുന്നേറ്റ വിദ്യാര്‍ത്ഥിയെ വീണ്ടും കമ്പിവടിയും കോമ്പസും ഉപയോഗിച്ച് ആക്രമിച്ചു. ക്ലാസ്സിലുണ്ടായിരുന്ന മറ്റ് ആണ്‍കുട്ടികള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരെയും ആക്രമിക്കുകയായിരുന്നു. ക്രൂരമായ ആക്രമണം കണ്ട് ഭയന്ന പെണ്‍കുട്ടികള്‍ നിലവിളിച്ചതോടെ അദ്ധ്യാപകര്‍ എത്തിയപ്പോഴാണ് പ്ലസ്ടുക്കാര്‍ അക്രമം നിര്‍ത്തിയത്.

അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കാഞ്ഞങ്ങാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ക്ലാസ്സ് മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളടക്കം വിദ്യാര്‍ത്ഥികള്‍ക്കെതിരേ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കി. കൂടാതെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥിയും പരാതി നല്‍കി. ഇതോടെ ഹൊസ്സ്ദുര്‍ഗ് പൊലീസ് ആറു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. റാഗിംഗ് നടത്തിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ അധികൃതര്‍ അന്നു തന്നെ പുറത്താക്കി.

ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കുകയും വിദ്യാഭ്യാസ വകുപ്പിന് കുറ്റക്കാരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നും അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കുകയും ചെയ്തിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ്ങ് ആക്ട് പ്രകാരവും 143,147,323,324 തുടങ്ങിയ വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചു.

Related posts