പോക്കിമോന്‍ കൊടുത്തത് എട്ടിന്റെ പണി! പിടികിട്ടാപ്പുള്ളി കളിച്ചു രസംകയറി എത്തപ്പെട്ടത് പോലീസ് സ്‌റ്റേഷനില്‍!

pokiപോക്കിമോന്‍ പിടികിട്ടാപ്പുള്ളിക്കു എട്ടിന്റെ പണി കൊടുത്തു. അമേരിക്കയിലെ മിഷിഗണിലെ മില്‍ഫോര്‍ഡ് നഗരത്തിലാണ് സംഭവം, ലോകമെമ്പാടും തരംഗമായി മാറിയ പോക്കിമോന്‍ ഗെയിം കളിച്ച് പിടികിട്ടാപ്പുള്ളി എത്തിയത് പോലീസ് സ്‌റ്റേഷനില്‍. വില്ല്യം വില്‍കോക്‌സ് എന്നയാളാണ് പരിസരം മറന്ന് പോലീസ് സ്‌റ്റേഷനടുത്തെത്തിയത്. പിടികിട്ടാപ്പുള്ളിയെ മൂക്കിന്‍കീഴില്‍ കിട്ടിയ ഉടന്‍ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.

ജിം എന്നുകണ്ട് തെറ്റിദ്ധരിച്ചോ കളിയുടെ രസത്തില്‍ പിടിയിലാകാനുള്ള സാധ്യത അവഗണിച്ചോ ആകാം വില്ല്യം ഇവിടെ എത്തിയതെന്നാണ് കരുതപ്പെടുന്നത്. ജനസംഖ്യ 6500 മാത്രമുള്ള മില്‍ഫോര്‍ഡില്‍ പോലീസിന് പിടികിട്ടാപ്പുള്ളിയെ തിരിച്ചറിയാന്‍ പ്രയാസം നേരിട്ടില്ല. പിടിയിലായതിലല്ല പോക്കിമോന്‍ തടസ്സപ്പെട്ടതിലാണ് വില്ല്യമിന് കൂടുതല്‍ വിഷമമായതെന്നതാണ് രസകരമായ മറ്റൊരു കാര്യം. ഭവനഭേദനമാണ് ഇരുപത്താറുകാരനായ വില്ല്യമിന്റെ പേരിലുണ്ടായിരുന്ന ചാര്‍ജ്. എന്നാല്‍ വാറണ്ടനുസരിച്ച് എത്താതിരുന്നതിനെ തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.

മറ്റുള്ള ഗെയിമുകളില്‍ നിന്ന് വ്യത്യസ്തമായി കളിക്കുന്നയാളുടെ പരിസരത്തു തന്നെ നടക്കുന്ന രീതിയിലാണ് പോക്കിമോന്‍ ഗോ ഗെയിം പ്രവര്‍ത്തിക്കുന്നത്. ഗെയിമില്‍ പോലീസ് സ്‌റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജിം മാത്രമേ അടയാളപ്പെടുത്തിയിരുന്നുള്ളൂ. കളിച്ച് ഇവിടെയെത്തിയ വില്ല്യമിനെ പോലീസ് പിടികൂടുകയായിരുന്നു.

Related posts