എരുമേലി: പ്രതികളെ കുടുക്കാൻ മാത്രമല്ല പോലീസിലെ പ്രമുഖ രേഖാ ചിത്രകാരന്റെ തൂലിക.
കോവിഡ് പ്രതിരോധത്തിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകുന്നവർക്ക് പാരിതോഷികമായി ചിത്രം വരയ്ക്കുകയാണ് വാക്സിൻ ചലഞ്ച് എന്ന പേരിൽ ക്രൈംബ്രാഞ്ചിൽ എഎസ്ഐ കൂടിയായ മണിമല സ്വദേശി രാജേഷ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 800 രൂപയോ അതിൽ കൂടുതലോ ഈ മാസം 22 മുതൽ നൽകിയതിന്റെ രസീത് രാജേഷ് മണിമലയ്ക്ക് അയച്ചു നൽകുന്നവർക്കാണ് അവരുടെ മുഖചിത്രം രാജേഷ് വരച്ചു നൽകുക.
മുമ്പ് പ്രളയകാലത്തും സമാനമായ രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്തവർക്ക് രാജേഷ് മുഖചിത്രങ്ങൾ വരച്ചു നൽകിയിരുന്നു.
ജിഷ വധക്കേസ് അടക്കം നിരവധി പ്രമാദമായ കേസുകളിൽ സാക്ഷികളുടെയും മറ്റുള്ളവരുടെയും വിവരങ്ങളുടെ അടിസ്ഥാനത്തിൽ രേഖാചിത്രം തയാറാക്കി നൽകി ശ്രദ്ധേയനായ രാജേഷിന് മികച്ച സാമൂഹ്യ സേവനം ചെയ്യുന്ന ഗവൺമെന്റ് ഉദ്യോഗസ്ഥനുള്ള അന്താരാഷ്ട്ര സംഘടനയായ ഇപ്കായ് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള മികച്ച ചിത്രകാരനുള്ള 2017ലെ ജെസി ഡാനിയൽ പുരസ്കാര ജേതാവും കൊളാഷ് ഇൽ അഖിലേന്ത്യാ സർവകലാശാലതലത്തിൽ ഒന്നാം സമ്മാനജേതാവുമാണ്.
ജോസഫ് എന്ന മലയാള ചലച്ചിത്രത്തിൽ രാജേഷ് മണിമല എന്ന പേരിൽ തന്നെ രേഖാചിത്രകാരനായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.