സേനയ്ക്ക് അഭിമാനമായവര്‍ ജയിലിലായി! ഹൈറേഞ്ച് സ്‌പൈഡേഴ്‌സിലെ മൂവര്‍സംഘം ബ്ലാക്ക്‌മെയിലിംഗ് കേസില്‍ കുടുങ്ങി; സ്ക്വാഡുകള്‍ പിരിച്ചു വിടാന്‍ എസ്പി

police

തൊടുപുഴ: ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡായ ഹൈറേഞ്ച് സ്‌പൈഡേഴ്‌സിലെ അംഗങ്ങള്‍ ബ്ലാക്ക്‌മെയിലിംഗ് കേസില്‍ പാലക്കാട് പോലീസിന്റെ പിടിയിലായതോടെ വിവിധ അന്വേഷണങ്ങള്‍ക്കായി രൂപീകരിച്ച സ്‌പെഷല്‍ സ്ക്വാഡുകള്‍ പിരിച്ചു വിടാന്‍ ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ ഉത്തരവിട്ടു.

മുഖ്യമന്ത്രിയുടെ ഗുണ്ടാ സ്ക്വാഡ് അംഗങ്ങളെന്നു പരിചയപ്പെടുത്തി ലഹരി കടത്തുകേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ പ്രതിക്ക് കഞ്ചാവ് പൊതി നല്‍കി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ തൊടുപുഴ സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ നൂര്‍ സമീര്‍, മുജീബ് റഹ്മാന്‍, സുനീഷ് എന്നിവരെയാണ് വ്യാഴാഴ്ച പാലക്കാട് പോലീസ് അറസ്റ്റു ചെയ്തത്. ഇതോടെ മുന്‍ ജില്ലാ പോലീസ് മേധാവി എ.വി. ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് ഉള്‍പ്പെടെയുള്ള വിവിധ സ്ക്വാഡുകള്‍ പിരിച്ചു വിടാന്‍ എസ്പി നിര്‍ദേശിക്കുകയായിരുന്നു.

കഞ്ചാവ്, മയക്കു മരുന്നു കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ കണ്ടെത്തുന്നതിനായിരുന്നു ഹൈറേഞ്ച് സ്‌പൈഡേഴ്‌സ് രൂപീകരിച്ചത്. അറസ്റ്റിലായ മൂവര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ നിരവധി കേസുകള്‍ പിടികൂടി സേനയ്ക്ക് അഭിമാനമാകുകയും ചെയ്തിരുന്നു. നൂര്‍ സമീറിന് ധീരതയ്ക്കുള്ള അവാര്‍ഡും ഏതാനും വര്‍ഷം മുന്‍പ് ലഭിച്ചിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി ഇവര്‍ ജയിലിലാകുന്നത്. ഇതോടെ മൂവര്‍ സംഘത്തിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളും സംശയത്തിന്റെ നിഴലിലായിട്ടുണ്ട്. ഇവരുടെ പിടികൂടിയ കഞ്ചാവ് കേസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ നിജസ്ഥിതിയും രഹസ്യന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.

മാത്രമല്ല ഇവര്‍ പാലക്കാട് പോലിസിന്റെ പിടിയിലായതോടെ ഇവര്‍ക്കെതിരെ മറ്റു പല ആരോപണങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. നൂര്‍ സമീറിന്റെ ഇടപെടല്‍ മൂലമാണ് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഷാഡോ പോലീസ് പിരിച്ചു വിടാന്‍ ഇടയാക്കപ്പെട്ടതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസുകളിലും മറ്റും ബ്ലാക്ക്‌മെയിലിംഗ് നടന്നിട്ടുണ്ടോ എന്നും രഹസ്യന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്.

കഴിഞ്ഞ 23 നു സ്‌റ്റേഷന്‍ ഓഫീസറയോ മറ്റു മേധാവികളെയോ അറിയിക്കാതെയാണ് മൂവര്‍ സംഘം പാലക്കാടിനു പോയത്. പാലക്കാട് പോലീസിന്റെ പിടിയിലായപ്പോഴാണ് തൊടുപുഴയിലുള്ള സഹപ്രവര്‍ത്തകര്‍ പോലും അറിയുന്നത്. തൊടുപുഴ സ്വദേശിയായ റിസ്വാന്‍ എന്നയാളാണ് സംഭവത്തിന്റെ സൂത്രധാരന്‍. ഇയാളും പോലീസിന്റെ പിടിയിലായിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതിയായ റിസ്വാനും കേസിലെ പരാതിക്കാരന്‍ പാലക്കാട് പൊള്ളാച്ചി സ്വദേശി രാജേഷും ഒരുമിച്ച് ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. ഒരു കേസില്‍ ഉള്‍പ്പെട്ട് അടുത്തിടെയാണ് ഇരുവരും ജയില്‍ മോചിതരായത്.

റിസ്വാനാണ് രാജേഷിന്റെ കഞ്ചാവ് മാഫിയയുമായുള്ള ബന്ധം മൂവര്‍ സംഘത്തെ അറിയിക്കുന്നത്. ഇതോടെ റിസ്വാനെയും കൂട്ടി രാജേഷിനെ കാണാന്‍ സംഘം കാറില്‍ പാലക്കാടിന് പുറപ്പെടുകയായിരുന്നു. തങ്ങള്‍ മുഖ്യമന്ത്രിയുടെ ആന്റി ഗുണ്ടാ സ്ക്വാഡില്‍ ഉള്ളവരാണെന്നും കഞ്ചാവ് കേസില്‍ അകത്താക്കുമെന്നും അല്ലങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ട് ഏതാനം ദിവസം മുന്‍പാണ് രാജേഷ് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. അതിനാല്‍ തൊണ്ണൂറ്റി ആറായിരം രൂപ പോലീസുകാര്‍ക്ക് നല്‍കിയതായി പറയുന്നു. പോലീസുകാര്‍ മടങ്ങിയതിനു ശേഷം രാജേഷ് പാലക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നോട്ടിന്റെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെ കാണിച്ചായിരുന്നു പരാതി.

സമാന രീതിയില്‍ പാലക്കാട് മറ്റൊരു തട്ടിപ്പ് നടന്നിരുന്നു. അതിനാല്‍ പാലക്കാട് പോലീസ് കേസില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഇതിനിടെ പാലക്കാട് കസബ പോലീസ് റിസ്വാനെ ഒരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂവര്‍ സംഘം വലയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂന്നു പേരേയും ജില്ലാ പോലിസ് മേധാവി സസ്‌പെന്റു ചെയ്തു.

Related posts