ഡാമില്‍ നിന്ന് ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ നോക്കിയാല്‍ പണിപാളും ! മീന്‍ പിടിക്കാന്‍ നോക്കുന്നവരെ അറസ്റ്റു ചെയ്തു നീക്കാന്‍ പോലീസ്…

ഇടുക്കി അണക്കെട്ട് നിറയുന്ന സാഹചര്യത്തില്‍ ചെറുതോണി ഡാം തുറന്നുവിടുമ്പോള്‍ മീന്‍ പിടിക്കാന്‍ കാത്തിരിക്കുകയാണ് പലരും. എന്നാല്‍ ഡാം തുറക്കുമ്പോള്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ നീക്കം.പുഴയില്‍ ഇറങ്ങാനോ പാറക്കൂട്ടങ്ങളിലോ മറ്റോ കൂട്ടം കൂടി നില്‍ക്കാനോ പാടില്ലെന്ന് നേരത്തേ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ഡാം നിലനില്‍ക്കുന്ന പ്രദേശത്ത് ശക്തമായ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണമാകുന്നത്. ജലനിരപ്പ് 2395 അടിയിലായതിനെ തുടര്‍ന്ന് ഇന്നലെ രാത്രി പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ ഒന്‍പത് മണി വരെയുള്ള കണക്കനുസരിച്ച് ജലനിരപ്പ് 2395.36 അടിയായിട്ടുണ്ട്. ഇത് 2397 അടി ഉയരത്തിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തും. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന് 2399 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും.റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം 24 മണിക്കൂര്‍ കഴിഞ്ഞ് പകല്‍ സമയത്ത് മാത്രമാണ് ഡാം തുറക്കുക. 2403 അടിയാണ് പരമാവധി സംഭരണശേഷി.

അതേസമയം, ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രിയും ഇടുക്കി ജില്ലാ അധികൃതരും വ്യക്തമാക്കി. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ കണക്ക് റവന്യൂവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കിടപ്പു രോഗികള്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിങ്ങനെ ക്രമത്തിലാണ് ആളുകളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റുക. ഡാം തുറക്കേണ്ടി വന്നാല്‍ പരിസര പ്രദേശങ്ങളില്‍ വെളിച്ചം ഉറപ്പാക്കാന്‍ തെരുവുവിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന നടപടികളും നടക്കുന്നുണ്ട്. ജില്ലഭരണകൂടം കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Related posts