അടിച്ചുപൂക്കുറ്റിയായ എസ്‌ഐ ഭക്ഷണം കഴിക്കാനെത്തിയത് ലോഡ്ജില്‍, എന്താ കാര്യമെന്നുചോദിച്ച റൂം ബോയിക്ക് കിട്ടിയത് അടിയോടടി, ഇടുക്കിയില്‍ നടന്ന പുകിലിങ്ങനെ…

p-2ഞാനൊന്നും ചെയ്തില്ല, ആ പോലീസുകാരന്‍ ആദ്യം പറഞ്ഞത് അങ്ങനെയാണ്. സത്യമല്ലേ, ഭക്ഷണം ചോദിച്ചതിന് ഇവിടൊന്നുമില്ലെന്നു പറഞ്ഞാല്‍ ആര്‍ക്കായാലും ദേഷ്യം വരും. ചിലപ്പോള്‍ ഒന്നു കൊടുത്തെന്നുംവരും. അങ്ങ് ഇടുക്കിയില്‍ സംഭവചിച്ചതും ഇത്രയേയുള്ളു. ഭക്ഷണം കിട്ടാത്തതിന് പോലീസുകാരന്‍ ജീവനക്കാരനിട്ട് ഒന്നു പൊട്ടിച്ചു. പക്ഷേ ഇപ്പോള്‍ സംഭവം പുലിവാലായിരിക്കുകയാണെന്നുമാത്രം. അക്കഥ ഇങ്ങനെ…

സംഭവം നടക്കുന്നത് രണ്ടുദിവസം മുമ്പാണ്. തൊടുപുഴയ്ക്കടുത്ത സ്റ്റേഷനില്‍ മൂന്നുമാസം മുമ്പ് വന്ന ഉദ്യോഗസ്ഥനാണ് കഥാനായകന്‍. ആളിത്തിരി ചൂടന്‍. പോരാത്തതിന് ഇത്തിരി മദ്യസേവ ഉള്ളയാളുമാണെന്നാണ് രാഷ്ട്രദീപികഡോട്ട്‌കോമിന്റെ അന്വേഷണത്തില്‍ മനസിലായത്. ഈ പോലീസുകാരന്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യ കാറില്‍ റെസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തി. യൂണിഫോമിലല്ലായിരുന്നു പോലീസുകാരന്‍. സുഹൃത്തുക്കള്‍ റെസ്റ്ററന്റിലേക്കു കയറിയപ്പോള്‍ ടിയാന്‍ ഫോണിലായിരുന്നു. തൊട്ടുപിന്നാലെ പോലീസുകാരനും കെട്ടിടത്തിനകത്തേക്കു കയറിപ്പോയി.

പക്ഷേ ഹോട്ടലിനടുത്തുള്ള ലോഡ്ജിലേക്കായിരുന്നുവെന്നുമാത്രം. റിസപ്ഷനു മുന്നിലൂടെ ജനറേറ്റര്‍ മുറിയുടെ ഭാഗത്തേക്ക് അപരിചിതനായ ഒരാള്‍ പോവുന്നതുകണ്ട് റൂംബോയി കാര്യം തിരക്കി. ഇത് പോലീസുകാരന് ഇഷ്ടപ്പെട്ടില്ല. റൂംബോയിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് തൂണില്‍ ചാരിനിര്‍ത്തി നല്ല ഉശിരന്‍ ഇടിയങ്ങുകൊടുത്തു. പിടിച്ചുമാറ്റാന്‍ വന്നയാള്‍ക്കും കിട്ടി നല്ലൊന്നന്തരം പോലീസ് ഇടി. അടി കഴിഞ്ഞ് റെസ്റ്ററന്റില്‍ കയറി സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉദ്യോഗസ്ഥന്‍ മടങ്ങി. അടികൊണ്ട ജീവനക്കാരാകട്ടെ ആശുപത്രിയില്‍ ചികില്‍സ തേടി.

സംഭവം നാട്ടുകാര്‍ അറിഞ്ഞതോടെ ഉദ്യോഗസ്ഥന്‍ നേരെ ഭരണകക്ഷിയുടെ പാര്‍ട്ടി ഓഫീസിലെത്തി എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു. പാര്‍ട്ടി അനുഭാവിയുടെതന്നെ ലോഡ്ജിലായിരുന്നു സംഭവമെന്നതിനാല്‍ രായ്ക്കുരാമാനം സംഭവം ഒതുക്കിത്തീര്‍ത്തുവെന്ന് രാഷ്ട്രദീപികഡോട്ട്‌കോം നടത്തിയ അന്വേഷണത്തില്‍ മനസിലായി. എന്തായാലും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസുകാരന് ചെറിയ തട്ടുകേട് കിട്ടിയേക്കുമെന്നാണ് സൂചന.

Related posts