സീനുകള്‍പോലും ഒരുപോലെ എന്നുകണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങിപ്പോരുകയായിരുന്നു! മായാനദി എന്ന ആഷിഖ് അബു ചിത്രത്തിന്റേത് തന്റെ കഥയായിരുന്നെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്

ഏതായാലും മലയാള സിനിമയ്ക്ക് ഇതത്ര നല്ല കാലമല്ല. കാരണം ഒന്നിന് പിറകേ മറ്റൊന്ന് എന്ന രീതിയില്‍ വിവാദങ്ങള്‍ സിനിമാക്കാരെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇപ്പോഴിതാ സംവിധായകന്‍ ആഷിഖ് അബുവിനെതിരെ പുതിയ ആരോപണവുമായി ഒരു യുവാവ് രംഗത്തെത്തിയിരിക്കുന്നു.. തിയ്യറ്ററില്‍ വിജയകരമായി ഓടികൊണ്ടിരിക്കുന്ന ആഷിഖ് അബു ചിത്രം മായാനദി തന്റെ തിരക്കഥയുടെ കോപ്പിയടിയാണെന്ന ആരോപണമുന്നയിച്ചുകൊണ്ടാണ് യുവാവ് എത്തിയിരിക്കുന്നത്. നേരത്തെ മായാനദി ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണെന്ന വ്യത്യസ്ത റിവ്യൂ എഴുതി വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന പ്രവീണ്‍ ഉണ്ണികൃഷ്ണനാണ് മായാനദി തന്റെ കഥയാണെന്ന ആരോപണവുമായി എത്തിയിരിക്കുന്നത്.

മായാനദിയുടെ തിരക്കഥയുടെ കോപ്പി കത്തിച്ച് കൊണ്ടാണ് പ്രവീണ്‍ വീഡിയോ ആരംഭിക്കുന്നത്. തന്റെ കയ്യിലുള്ളത് മായാനദിയുടെ തിരക്കഥയാണെന്ന് പറഞ്ഞിരുന്നെങ്കില്‍ തനിക്കൊപ്പം ആരെങ്കിലും നില്‍ക്കുമായിരുന്നുവോ അതോ കോടതിയില്‍ തനിക്ക് അത് തെളിയാക്കാന്‍ സാധിക്കുമായിരുന്നുവോ എന്ന് പ്രവീണ്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്. ചിത്രം കണ്ടതിന് ശേഷം താന്‍ എഴുതി തയ്യാറാക്കിയതാണ് ഈ തിരക്കഥയെന്ന ആരോപണങ്ങള്‍ക്ക് താന്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവാവ് പറയുന്നു.

സൈക്കോളജിക്കല്‍ ത്രില്ലറായ തന്റെ ചിത്രത്തിന്റെ കഥയെഴുതുന്നത് 2012ലാണെന്നും അന്ന് താന്‍ എം.ടെകിന് പഠിക്കുകയായിരുന്നുവെന്നും എന്നാല്‍ ചിത്രത്തിന് മായാനദി എന്ന പേരല്ല താനിട്ടതെന്നും അതേസമയം, താന്‍ ആദ്യം എഴുതിയപ്പോള്‍ ചിത്രത്തിന്റേത് പ്രണയകഥയായിരുന്നുവെന്നും പ്രവീണ്‍ പറയുന്നു. ആ കഥയില്‍ ഡയലോഗുകള്‍ക്കിടയില്‍ മെന്‍ഷന്‍ ചെയ്ത് പോകുന്ന ഒരു പ്രയോഗം മാത്രമായിരുന്നു മായാനദിയെന്നും അദ്ദേഹം പറയുന്നു.

2012 ല്‍ തനിക്ക് കഥ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 90 ശതമാനം എഴുതിയതിന് ശേഷം നിര്‍ത്തേണ്ടി വന്നു. 2014 ല്‍ വിവാഹ ശേഷം കഥ വീണ്ടും എഴുതാന്‍ ആരംഭിച്ചു. ചിത്രത്തിലെ ചില സീനുകള്‍ ആ സമയത്ത് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അതേസമയം, തന്റെ കഥ മോഷ്ടിച്ചുവെന്ന് താന്‍ ആരോപിക്കുന്നില്ലെന്നും ഒരേ പോലെ ചിന്തിക്കുന്നവരുണ്ടാകാമെന്നും പ്രവീണ്‍ പറയുന്നുണ്ട്. ആഷിഖ് അബുവിനെ താന്‍ കണ്ടിട്ടില്ലെന്നും തന്റെ കഥ സിനിമയാക്കാന്‍ ആരുടേയും പിന്നാലെ നടന്നിട്ടില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. കേസുമായി പോയാല്‍ വിജയിക്കില്ലെന്ന് ഉറപ്പുള്ളതിനാലാണ് കോടതിയെ സമീപിക്കാത്തത് പ്രവീണ്‍ വ്യക്തമാക്കുന്നു.

കഥയില്‍ സാമ്യമുണ്ടാകുന്നത് തെറ്റല്ലെന്നും എന്നാല്‍ സീനുകള്‍ പോലും ഒരേ പോലെ വരുന്നത് അപൂര്‍വ്വതയാണെന്നും പറയുന്ന പ്രവീണ്‍ ഏതാണ്ട് പന്ത്രണ്ടോളം സീനുകള്‍ ഒരോ പോലെ തന്നെയാണെന്നും ആരോപിക്കുന്നു. താന്‍ സിനിമ കണ്ടത് 25ാം തിയ്യതിയാണെന്നും സിനിമ കണ്ടതോടെ തന്റെ കഥയാണെന്ന് വ്യക്തമായതിന് ശേഷം പൂര്‍ത്തിയാക്കാതെ ഇറങ്ങി വരുകയായിരുന്നുവെന്നും പ്രവീണ്‍ പറയുന്നു. ഏതായാലും ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ബന്ധപ്പെട്ടവരാരും തയാറായിട്ടില്ല.

Related posts