ന്യൂഡൽഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. രാവിലെ 10.15ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റീസ് എൻ.വി. രമണ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തു.
രാവിലെ പാർലമെന്റ് ഹൗസിലെത്തിയ രാംനാഥ് കോവിന്ദിനെയും ദ്രൗപദി മുർമുവിനെയും രാജ്യസഭാ, ലോക്സഭാ അധ്യക്ഷന്മാരും ചീഫ് ജസ്റ്റീസും ചേർന്നു സ്വീകരിച്ച് സെന്‍ട്രൽ ഹാളിലേക്ക് ആനയിച്ചു. തുടർന്നായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.
ആദിവാസി-ഗോത്ര വിഭാഗത്തിൽ നിന്നു രാജ്യത്തെ പരമോന്നത പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിത്വമാണ് ദ്രൗപദി മുർമു. രാഷ്ട്രപതിയാകുന്ന രണ്ടാമത്ത വനിതയുമാണ്. രാഷ്ട്രീയത്തിൽ ഇറങ്ങും മുൻപ് അധ്യാപികയായിരുന്നു ദ്രൗപദി മുർമു. പിന്നീട് ജല വകുപ്പിൽ ഉദ്യോഗസ്ഥയുമായിരുന്നു.
1997ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ ഇറങ്ങിയ ദ്രൗപദി മുർമു റായ്രംഗ്പൂർ പഞ്ചായത്ത് കൗണ്‍സിലറായി. 2000ൽ പഞ്ചായത്ത് ചെയർപേഴ്സണായി. ബിജെപി പട്ടികവർഗ മോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായിരുന്നു.
ഒഡീഷയിൽ ബിജെപി സഖ്യ സർക്കാരിൽ വാണിജ്യ, ഫിഷറീസ് വകുപ്പുകളിൽ മന്ത്രിയായിരുന്നു. 2007ൽ ഒഡീഷ നിയമസഭയുടെ ഏറ്റവും മികച്ച എംഎൽഎക്കുള്ള നീൽകാന്ത പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2015 മേയ് 18നാണ് ജാർഖണ്ഡ് ഗവർണറായി. സംസ്ഥാനത്തെ ആദ്യ വനിത ഗവർണറുമായിരുന്നു.