ചെങ്ങന്നൂർ: സ്വകാര്യബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് എട്ടാം ക്ലാസ് വിദ്യാർഥിക്കു പരിക്ക്. ചെറിയനാട് കളത്രക്കുറ്റിയിൽ കടയ്ക്കൽ സുനിലിന്റെ മകനും ചെറിയനാട് വിജയേശ്വരി സ്കൂളിലെ വിദ്യാർഥിയുമായ നന്ദു സുനിലിനാണ് അപകടത്തിൽ പരിക്കേറ്റത്.
വൈകുന്നേരം സ്കൂളിൽനിന്ന് വീട്ടിലേക്കു പോകുന്നതിനായി പടനിലം ജംഗ്ഷനിൽനിന്നാണ് നന്ദു സ്വകാര്യബസിൽ കയറിയത്. നാലിനുള്ള ഒരു ബസ് ഇല്ലാതിരുന്നതിനാൽ ബസിൽ അമിത തിരക്കായിരുന്നു അനുഭവപ്പെട്ടത്. ചെറിയനാട് മൗട്ടത്തുപടി ജംഗ്ഷനിലാണ് ഇറങ്ങേണ്ടിയിരുന്നതെന്നും എന്നാൽ, ബസ് ജീവനക്കാരുടെ ധൃതി കാരണം അവിടെ ഇറങ്ങാൻ സാധിച്ചില്ലെന്ന് വിദ്യാർഥി പറഞ്ഞു.
തുടർന്ന് തൊട്ടടുത്ത സ്റ്റോപ്പായ കടയിക്കാട് പെട്ടെന്ന് ഇറങ്ങുന്നതിനായി വാതിൽക്കൽ നിൽക്കുകയായിരുന്നു. സ്റ്റോപ്പിൽ വണ്ടി നിർത്തുന്നതിനു മുൻപ് തന്നെ ഡോർ തുറന്നതോടെ നന്ദു റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ വിദ്യാർഥിയെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് സ്കൂൾ അധികൃതരും കൊല്ലകടവിലെ ആശുപത്രിയിലെത്തിയിരുന്നു.
അനാസ്ഥയിൽ പ്രതിഷേധം
ബസിന്റെ ഡോർ പൂർണമായും അടയ്ക്കണമെന്ന നിയമം പല ബസ് ജീവനക്കാരും പാലിക്കാറില്ലെന്ന് നാട്ടുകാർ. സ്വകാര്യവാഹനങ്ങളിൽ മാത്രം ഒതുങ്ങുന്ന വാഹന പരിശോധനകൾ ഇത്തരം നിയമലംഘനങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നതിനും അപകടങ്ങൾക്ക് വഴിയൊരുക്കുന്നതിനും കാരണമാകുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. ബസ് ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നും നാട്ടുകാർ ആരോപിക്കുന്നു. വെൺമണി പോലീസ് കേസെടുത്തു.

