നേരറിയാന്‍ സ്വകാര്യ ഡിക്ടറ്റീവുമാര്‍! നടിക്കെതിരായ ആക്രമണത്തിലെ ആസൂത്രകരെ കണ്ടെത്താന്‍ സ്വകാര്യ ഡിക്ടറ്റീവുമാര്‍; പിന്നില്‍ കാമുകനായ കന്നഡ നിര്‍മാതാവ്

suni

കാമുകിയായ നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കാമുകനായ സിനിമ നിര്‍മാതാവ് സ്വകാര്യ ഡിക്ടറ്റീവുകളെ സമീപിച്ചതായി സൂചന. നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേദിവസം തന്നെ കൊച്ചിയിലെത്തിയ കാമുകന്‍ നടിക്ക് താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കിയിരുന്നതും ഇയാള്‍ തന്നെയായിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ഇരുവരും വിവാഹിതരാകാന്‍ ഒരുങ്ങവെയാണ് നടിക്ക് ദാരുണമായ ആക്രമണം നേരിടേണ്ടിവന്നത്.

തനിക്കെതിരായ ആക്രമണത്തിനു പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്ന് നടി കാമുകനോട് വെളിപ്പെടുത്തിയിരുന്നു. സിനിമലോകത്ത് അടുത്തിടെ തനിക്കുണ്ടായ പല തിക്താനുഭവങ്ങളെക്കുറിച്ചും അവര്‍ തുറന്നുപറഞ്ഞിരുന്നു. കേരള പോലീസ് നടത്തുന്ന അന്വേഷണങ്ങള്‍ പള്‍സര്‍ സുനിയില്‍ മാത്രമായി അവസാനിച്ചേക്കുമെന്ന സംശയമാണ് സമാന്തരമായി സ്വകാര്യ ഡിക്ടറ്റീവുകളെ കേസ് ഏല്‍പ്പിക്കാന്‍ കാമുകനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. പള്‍സര്‍ സുനിയുടെയും കൂട്ടാളികളുടെയും ഉന്നതബന്ധം, ആരാണ് ഇവര്‍ക്ക് ക്വട്ടേഷന്‍ നല്കിയത്, പകര്‍ത്തിയ ദൃശ്യങ്ങള്‍ ആര്‍ക്കാണ് നല്കിയത് തുടങ്ങിയ കാര്യങ്ങളാണ് ഡിക്ടറ്റീവുകളെ ഏല്പിച്ചിരിക്കുന്നത്. ബോളിവുഡിലും തെലുങ്കിലും സ്വകാര്യ ഡിക്ടറ്റീവുകളെ ആശ്രയിക്കുന്ന പതിവ് ഏറെക്കാലമായിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ മുതല്‍ നിര്‍മാതാക്കള്‍ വരെ ഇത്തരത്തില്‍ പല കാര്യങ്ങള്‍ക്കും ഡിക്ടറ്റീവുകളുടെ സഹായം തേടാറുണ്ട്.

അതേസമയം, ആക്രമണത്തില്‍ മാനസികമായ തകര്‍ന്ന നടി ഇതുവരെ പഴയ നിലയിലെത്തിയിട്ടില്ലെന്നാണ് അവരെ സന്ദര്‍ശിച്ച സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ആഘാതത്തില്‍ നിന്ന് ഇവരെ മോചിതയാക്കാന്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. സിനിമയിലെ ചില അടുത്ത വനിതാ സുഹൃത്തുക്കള്‍ക്ക് മാത്രമാണ് നടിയെ സന്ദര്‍ശിക്കാന്‍ ഇപ്പോള്‍ അനുമതിയുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് നടിക്കെതിരേ പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമണം നടത്തിയത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ രാത്രി ഒമ്പതരയോടെ അങ്കമാലിയില്‍ വച്ചായിരുന്നു സംഭവം. നടിയുടെ കാറില്‍ അതിക്രമിച്ചുകയറിയ സംഘം അപകീര്‍ത്തകരമായ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുകയായിരുന്നു.

Related posts