പബ്ജി ഗെയിമിനു മുമ്പില്‍ മയക്കുമരുന്നു വരെ മാറി നില്‍ക്കും ! കുട്ടികളുടെ തലച്ചോറിനെ കാര്‍ന്നു തിന്നുന്ന ഗെയിം നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു…

നിരവധി കുട്ടികളുടെ ജീവനെടുത്ത ബ്ലൂവെയില്‍ ഗെയിമിനു പിന്നാലെ മറ്റൊരു ഭീകര ഗെയിം കൂടി ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം നേടുകയാണ്. പബ്ജി എന്നു പേരുള്ള ഗെയിമിന് വമ്പിച്ച ജനപ്രീതിയാണുള്ളത്. ഇതിനൊപ്പം ഈ ഗെയിം നിരോധിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ഗുജറാത്ത് സര്‍ക്കാര്‍ ഇതിനോടകം ഗെയിമിന് വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടികളുമായി മുമ്പോട്ടു പോവുകയും ചെയ്തു.

സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന െ്രെപമറി വിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കിയത്. പ്ലെയര്‍ അണ്‍നോണ്‍ഡ് ബാറ്റില്‍ ഗ്രൗണ്ട് എന്ന ഗെയിമിന്റെ ചുരുക്കപ്പേരാണ് പബ്ജി. യുവാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ഈ ഗെയിമിന് വന്‍പ്രചാരമാണുള്ളത്.

മയക്കുമരുന്നിനേക്കാള്‍ ആസക്തി നല്‍കുന്ന ഈ ഗെയിം കുട്ടികളുടെ പഠനനിലവാരത്തെ ബാധിക്കുമ്പോള്‍ മുതിര്‍ന്നവരെ മറ്റൊരു രീതിയിലാണ് ബാധിക്കുക. ഈ ഗെയിം ചിലരെ മാനസികമായി ബാധിച്ചിട്ടുണ്ടെന്നും അമിതാസക്തിമൂലം ചികിത്സ തേടിയെന്നും ഗെയിം പരാജയത്തിലെ നിരാശ കൊലപാതകത്തില്‍ കലാശിച്ചുവെന്നുമുള്ള വാര്‍ത്തകളുമുണ്ട്.

കുട്ടികള്‍ പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വയ്ക്കുന്നു എന്നാരോപിച്ച് ജമ്മു കശ്മീരില്‍ വിദ്യാര്‍ത്ഥി സംഘടന പബ്ജി നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരുന്നു. അതുപോലെ ദില്ലിയില്‍ പത്തൊമ്പത് വയസ്സുള്ള സൂരജ് എന്ന വിദ്യാര്‍ത്ഥി അച്ഛനെയും അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയതിന് പിന്നിലെ വില്ലനും പബ്ജി ഗെയിമായിരുന്നു. സ്‌കൂളില്‍ പോകാതെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് ആറ് മണിവരെ സ്ഥിരമായി കൂട്ടുകാരുമൊത്ത് സൂരജ് പബ്ജി കളിക്കുമായിരുന്നു എന്നും പൊലീസ് വെളിപ്പെടുത്തിയിരുന്നു.

പബ്ജി കോര്‍പറേഷനും ബ്ലൂഹോളുമായി സഹകരിച്ചാണ് കഴിഞ്ഞ വര്‍ഷം ചൈനീസ് കമ്പനിയായ ടെന്‍സന്റ് ആഗോളതലത്തില്‍ പബ്ജി ഗെയിം അവതരിപ്പിക്കുന്നത്. ഇതിന്റെ സ്മാര്‍ട്‌ഫോണ്‍ പതിപ്പ് രംഗപ്രവേശം ചെയ്തതോടെയാണ് ഗെയിമിന്റെ പ്രചാരം വര്‍ധിച്ചത്. അതിജീവനം അഥവാ സര്‍വൈവല്‍ എന്നത് ആശയമാക്കിയുള്ള ഗെയിമുകളെ ബാറ്റില്‍ റൊയേല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഇത്തരം ഗെയിമുകളില്‍ കളിക്കാര്‍ പരസ്പരം പോരാടുകയും ഒടുവില്‍ അതിജീവിക്കുന്നവര്‍ വിജയികളാവുകയും ചെയ്യുന്നു.

പബ്ജിയില്‍ ഒരു കളിയില്‍ നൂറ് പേരാണുണ്ടാവുക. ഈ നൂറ് കളിക്കാര്‍ ഒരു ഒറ്റപ്പെട്ട ദ്വീപില്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്നു. അവിടെ കെട്ടിടങ്ങള്‍ക്കുള്ളില്‍ നിന്നും മറ്റും ആവശ്യമായ ആയുധങ്ങളും മരുന്നുകളും ശേഖരിക്കുന്നു. എന്നിട്ട് പരസ്പരം യുദ്ധം ചെയ്യുന്നു. ഈ യുദ്ധത്തില്‍ അവസാനം നിമിഷം വരെ അതിജീവിക്കുന്നവര്‍ വിജയികളായി മാറുന്നു. ഒറ്റയ്ക്കും, രണ്ട് പേര്‍ ചേര്‍ന്നും നാലുപേരുള്ള സംഘങ്ങളായും ഗെയിം കളിക്കാം. മൊബൈല്‍ ഫോണ്‍ പതിപ്പുകൂടാതെ, ഗെയിമിന്റെ പിസി, എക്‌സ് ബോക്‌സ്, പ്ലേ സ്‌റ്റേഷന്‍ 4 പതിപ്പുകളും ലഭ്യമാണ്.

മറ്റ് പതിപ്പുകളേക്കാള്‍ ലാഭകരവും വലിപ്പം കുറഞ്ഞതുമാണ് പബ്ജി മൊബൈല്‍ എന്ന സ്മാര്‍ട്‌ഫോണ്‍ പതിപ്പ്. ഇതില്‍ കളിക്കാന്‍ ആവശ്യമായ 70 ശതമാനം കാര്യങ്ങളും സൗജന്യമായി ലഭിക്കും. ഫെയ്‌സ്ബുക്കും ട്വിറ്ററുമായും ബന്ധിപ്പിക്കാന്‍ സാധിക്കുന്നതിനാല്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗെയിം കളിക്കാനുള്ള സൗകര്യവുമുണ്ട്.

അതിശക്തമായ ഗ്രാഫിക്‌സുകള്‍ ഒരുക്കാന്‍ സാധിക്കുന്ന അണ്‍റിയല്‍ എഞ്ചിന്‍ 4 എന്ന ഗെയിം എഞ്ചിന്‍ ഉപയോഗിച്ചാണ് പബ്ജി തയ്യാറാക്കിയിരിക്കുന്നത്. ഗെയിം കണ്‍സോളുകളിലും പിസികളിലും ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളുള്ള സ്മാര്‍ട്‌ഫോണുകളിലും മാത്രമാണ് മികച്ച ഗ്രാഫിക്‌സുകളും ഇഫക്റ്റുകളുമുള്ള വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ സാധിക്കുന്നത് എന്നാല്‍ ഇതിനു വിപരീതമായി പരിമിതമായ സൗകര്യങ്ങളുള്ള ആന്‍ഡ്രോയിഡ് ഫോണുകളിലും കളിക്കാന്‍ സാധിക്കും എന്നതാണ് പബ്ജിയെ കൂടുതല്‍ ജനപ്രിയമാക്കുന്നത്.

Related posts