നെടുമുടി: പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് പുതിയ പമ്പ് ഹൗസിനു വേണ്ട നടപടികള്‍ ആരംഭിച്ചു. എട്ടാം വാര്‍ഡിലെ താമസക്കാരനായ പുതുമന ജോയിച്ചനാണ് ചമ്പക്കുളം- ചെമ്പകശേരി റോഡിനു സമീപത്തായി പുതിയ പമ്പ്ഹൗസ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി നെടുമുടി പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ ആധാരം ചെയ്ത് നല്‍കിയത്.
ലക്ഷങ്ങള്‍ വിലയുള്ള ഭൂമി വിട്ടുനല്‍കിയ പുതുമന ജോയിച്ചനെ ചമ്പക്കുളം പൗരാവലിയും വിവിധ സംഘടനകളും അഭിനന്ദിക്കുകയുണ്ടായി. കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കുഴല്‍ക്കിണര്‍ നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ അലപ്പുഴ ജില്ലാ കാര്യാലയത്തില്‍ പുരോഗമിക്കുന്നു.
പുതുമന പമ്പ്ഹൗസ് യാഥാര്‍ത്യമായാല്‍ എട്ടാം വാര്‍ഡിലേയും 9-ാം വാര്‍ഡിലേയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പമ്പ്ഹൗസ് സമ്പാദകസമിതി പ്രതീക്ഷിക്കുന്നത്. പി.സി. ജോസ് പുല്‍പത്ര, ആന്റണി ആറില്‍ചിറ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ച പമ്പ്ഹൗസ് സമ്പാദക സമിതിയില്‍ സണ്ണിച്ചന് തിരുനിലം, അപ്പച്ചന്‍കുട്ടി ചെമ്പകശേരില്‍, ബിജു ആന്റണി തെങ്ങും പള്ളി, ഷാജി താമരപ്പള്ളില്‍, തോമസ് ആന്റണി ആറില്‍ചിറ എന്നിവരും നെടുമുടി പഞ്ചായത്ത് എട്ട്, ഒമ്പത് വാര്‍ഡ് ജനപ്രതിനിധികളും അംഗങ്ങളായിരുന്നു.