ഇക്കോ ടൂറിസം പാര്‍ക്കിന് ഭരണാനുമതി; പുരളിമല ഇനി വിനോദ സഞ്ചാര ഭൂപടത്തില്‍

knr-parulimalaജിജേഷ് ചാവശേരി
മട്ടന്നൂര്‍: മാലൂര്‍ പഞ്ചായത്തിലെ പുരളിമല ഇക്കോ ടൂറിസം പാര്‍ക്കിന് ഭരണാനുമതിയായതോടെ പുരളിമല വിനോദ സഞ്ചാരകേന്ദ്രമാകുന്നു. രണ്ടു കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ വിനോദസഞ്ചാര ഭൂപടത്തില്‍ പുരളിമല ഇടം തേടും. പൈതല്‍മലയ്ക്കും റാണിപുരത്തിനും ശേഷം സാഹസിക വിനോദസഞ്ചാര ഭൂപടത്തില്‍ പുതിയൊരു പേരു കൂടി എഴുതിചേര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഉത്തര മലബാറിലെ പുരളിമല. പതിറ്റാണ്ടുകളായി പുറംലോകം അറിയാതെ കിടന്ന മാലൂര്‍ പുരളിമലയുടെ നിഗൂഢതകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ഇ.പി. ജയരാജന്‍ എംഎല്‍എ നടത്തിയ ശ്രമങ്ങളാണ് ഏറെക്കാലത്തിനു ശേഷം പുരളിമലയുടെ സാധ്യതകളിലേക്കു വാതില്‍ തുറന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലയുടെ ഒരു ഭാഗത്തേക്കു റോഡ് പണിതതോടെ നൂറു കണക്കിനു സഞ്ചാരികളാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മാലൂര്‍ പഞ്ചായത്ത് അധികൃതരുടെ നിര്‍ദേശപ്രകാരം കഴിഞ്ഞ തവണ കണ്ണൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) പദ്ധതിയില്‍ ഉള്‍പ്പെടുത്തി എംഎല്‍എ വിശദമായ പദ്ധതി സമര്‍പ്പിക്കുകയായിരുന്നു.

റോപ്പ് വേ, കളിസ്ഥലം, പോളി ഹൗസ്, ലൈറ്റിംഗ്, മഡ് ഹൗസ്, ലാന്‍ഡ് സ്‌കേപ്പിംഗ്, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, സണ്‍സെറ്റ് വ്യൂ, വാച്ച് ടവര്‍, തുടങ്ങിയവ നടത്തുന്നതിനാണ് പദ്ധതി നേരത്തെ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ആദ്യഘട്ടത്തില്‍ ചുറ്റുമതില്‍, പ്രവേശന കവാടം, അപ്രോച്ച് റോഡ്, മഡ് ഹൗസ്, ഇരിപ്പിടം, പൂന്തോട്ടം, വാച്ച് ടവര്‍ എന്നിവയാണ് ഇക്കോ ടൂറിസം പാര്‍ക്കിലാണ്  നിര്‍മിക്കുക. സമുദ്രനിരപ്പില്‍ നിന്നു 3,000 അടി ഉയരത്തിലാണ് പുരളിമല സ്ഥിതി ചെയുന്നത്. കേരളവര്‍മ പഴശിരാജയുടെ സൈനികകേന്ദ്രമായിരുന്നു ഇവിടെ.

അപൂര്‍വ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രം, പാറകള്‍ നിറഞ്ഞു നില്‍ക്കുന്ന കോറകളും. മാലൂര്‍ പഞ്ചായത്തിലെ ശിവപുരം മുതല്‍ പേരാവൂര്‍, തില്ലങ്കേരി, മുഴക്കുന്ന് എന്നിങ്ങനെ നാലു പഞ്ചായത്തുകളിലായി വിസ്തൃതിയാര്‍ന്ന മലകളും താഴ്‌വാരവുമടക്കം നാലുവശത്തും പ്രകൃതി ഒരുക്കിയ അതിമനോഹരമായ കാഴ്ചയാണ് ഇവിടെ നിന്നും കാണാന്‍ കഴിയും. മായാത്ത ചരിത്രമായ കുറിച്യ പടയാളികളുമൊത്ത് പഴശി രാജാവ് അദ്ദേഹത്തിന്റെ അവസാനകാലം ഒളിവില്‍ കഴിയുകയും പിന്നീട് ബ്രിട്ടിഷ് പട്ടാളം വളഞ്ഞപ്പോഴാണു പഴശി പുരളിമലയില്‍ നിന്നു വയനാടന്‍ കുന്നുകളിലേക്കു രക്ഷപ്പെട്ടതെന്നും ചരിത്ര രേഖകള്‍ പറയുന്നു.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ പുരളിമലയിലേക്കുള്ള അനുബന്ധ റോഡുകളും മറ്റും വികസിക്കുകയും പ്രദേശത്തെ ജനങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭിക്കും. കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാല്‍ വിദേശികള്‍ക്കും കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കും ഇവിടേക്ക് എളുപ്പം എത്തിച്ചേരാം. രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രധാന സിഗ്‌നല്‍ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നതും പുരളിമലയിലാണ്.

ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതും വിമാനത്താവളത്തിന്റെ അടുത്ത പ്രദേശവുമായതു കൊണ്ടാണ് സിഗ്‌നല്‍ സ്‌റ്റേഷന്‍ ഇവിടെ സ്ഥാപിച്ചത്. കണ്ണൂരില്‍ നിന്നും വിമാനങ്ങള്‍ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും സിഗ്‌നലുകള്‍ നല്‍കേണ്ടത് ഈ സിഗ്‌നല്‍ സ്‌റ്റേഷനില്‍ നിന്നാണ്. കേരളത്തില്‍ ആദ്യമായി സ്ഥാപിച്ച 64 കളരികളില്‍ ഒന്നായ പിണ്ഡാലി ഗുരുക്കന്‍മാരുടെ കളരിക്കല്‍ കളരിയും ഏത് കൊടുംവേനലിലും നിലയ്ക്കാത്ത നീരുറവകളും ചെറു വെള്ളചാട്ടങ്ങളും കൊച്ചരുവികളും. ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹരിശ്ചന്ദ്രന്‍ കോട്ടയും കോട്ടയുടെ മറ്റ് അവശിഷ്ടങ്ങളും പുരളിമലയെ മനോഹരമാക്കുകയാണ്.

Related posts