ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് 55ാം പിറന്നാൾ. രാഹുലിന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച ഇന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിക്കും.
ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിലാണ് മേള. 100 ലധികം കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കും. 5000 ത്തിലധികം യുവജനങ്ങൾക്ക് മേളയിലൂടെ തൊഴിൽ ലഭിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്.
പത്താം ക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മേളയുടെ ഭാഗമാകാൻ കഴിയും. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു വരുന്നതിനെതിരെയാണ് തൊഴിൽമേള സഘടിപ്പിക്കുന്നത്. രാഹുൽ ഗാന്ധി നിരവധിത്തവണ വിഷയം കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.