തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിനെതിരായ ആരോപണങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ കെപിസിസി നേതൃത്വം അന്വേഷണ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നും സംഘടനപരമായ നടപടി മാാത്രം മതിയെന്നുമാണ് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃതലത്തിലെടുത്തിരിക്കുന്ന ധാരണം.
എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടാല്‍ കൊല്ലം എംഎല്‍എ മുകേഷിനെതിരെ ലൈംഗിക ആരോപണം ഉണ്ടായപ്പോള്‍ എല്‍ഡിഎഫ് അദ്ദേഹത്തെ സംരക്ഷിച്ച കാര്യം ഉന്നയിച്ച് പ്രതിരോധിക്കാനാണ് ധാരണയായിരിക്കുന്നത്. യുവതികളോടുള്ള രാഹുലിന്റെ പെരുമാറ്റത്തിനെതിരേ ഹൈക്കമാന്‍ഡ് മുന്‍പാകെ പത്തില്‍ പരം പരാതികള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് ഹൈക്കമാന്‍ഡ് നടപടിയെടുക്കാന്‍ നിര്ബന്ധിതമായതന്നാണ് പുറത്തുവരുന്ന വിവരം.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത്നിന്നു രാഹുലിന്റെ രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്റ് കെപിസിസി നേതൃത്വത്തോട് ഇന്നലെ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായത്. രാഹുല്‍ തന്റെ ഭാഗം ന്യായികരിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ചെങ്കിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ രോഷത്തോടെയാണ് പെരുമാറിയത്.
അതേ സമയം രാഹുല്‍ രാജിവച്ച് ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, എം.കെ. രാഘവന് എന്നിവരാണ് തങ്ങളുടെ അനുകുലികളായ യുവനേതാക്കള്‍ക്ക് വേണ്ടി ചരട് വലിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ള അബിന്‍ വര്‍ക്കി, മറ്റ് ഭാരവാഹിത്വമുള്ള ബിനു ചുള്ളിയില്‍, കെ.എം. അഭിജിത്ത് എന്നിവര്‍ക്ക് വേണ്ടിയാണ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. അധ്യക്ഷ സ്ഥാനത്തേക്ക് ബിനു ചുള്ളിയിലിനെ പരിഗണിക്കണമെന്ന് കെ.സി. വേണുഗോപാലും അബിന്‍ വര്‍ക്കിയെ പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തലയും കെ.എം. അഭിജിത്തിനെ പരിഗണിക്കണമെന്ന് എം.കെ. രാഘവനും ഹൈക്കമാന്‍ഡിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ്, കെഎസ് യു സംസ്ഥാന പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ പദവികളെല്ലാം ന്യുനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍ സാമുദായിക സമവാക്യം പരിഗണിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചിട്ടുണ്ട്.രാഹുല്‍ മാങ്കുട്ടത്തിലിന്റെ ചെയ്തികളെ പ്രോത്സാഹിപ്പിച്ചതിന് ഷാഫി പറമ്പിലിന് നല്ല പങ്കുണ്ടെന്നും പാലക്കാട് കോണ്‍ഗ്രസില്‍ ഇരുവരും അപ്രമാദിത്വം കാട്ടുന്നുവെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം പടപുറപ്പാട് തുടങ്ങിയിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പ് വേളയില്‍ വലിയ തോതില്‍ ഫണ്ട് എത്തിയിരുന്നുവെന്നും ഇരുവരും കുടിയാലോചന ഇല്ലാതെ ഫണ്ട് വിനിയോഗിച്ചുവെന്ന ആരോപണവും പാലക്കാട് കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എ ആയ ശേഷം രാഹുല്‍ വാങ്ങിയ കാറിന് പണം എവിടെ നിന്നും ലഭിച്ചുവെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്.
രാഹുലും ഷാഫി പറമ്പിലും പൂരപറമ്പിലെ പോക്കറ്റടിക്കാരെ പോലെയായി മാറിയെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്. സ്വഭാവ ദുഷ്യമുള്ള രാഹുലിനെ പാലക്കാട് മത്സരിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ചത് ഷാഫി പറമ്പിലാണെന്നും ധാര്‍മിക ഉത്തരവാദിത്വം ഷാഫിക്കുണ്ടെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.