കൊല്ലം: രാജ്യത്തെ ചില പ്രമുഖ റെയിൽവേ സ്റ്റേഷനുകൾ സ്വകാര്യവത്ക്കരിക്കാൻ റെയിൽ മന്ത്രാലയം പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ.ന്യൂഡൽഹി, അഹമ്മദാബാദ്, മുംബൈ സിഎസ്ടി സ്റ്റേഷനുകളാണ് പദ്ധതിക്കായി പരിഗണിക്കപ്പെടുന്നത്.സ്വകാര്യ നിക്ഷേപത്തിലൂടെ രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് റെയിൽവ ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി മാതൃക) സ്റ്റേഷനുകൾ വികസിപ്പിച്ച് മെച്ചപ്പെട്ട സേവനം നൽകാനാണ് റെയിൽവേയുടെ നീക്കം.ഇത് പ്രാവർത്തികമാകുമ്പോൾ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതിൻ്റെയും പരിപാലിക്കുന്നതിൻ്റെയും ഉത്തരവാദിത്വം സ്വകാര്യ കമ്പനികൾക്ക് ആയിരിക്കും. എന്നാൽ സ്റ്റേഷനുകളുടെ ഉടമസ്ഥാവകാശം റെയിൽവേയിൽ തന്നെയായിരിക്കും നിക്ഷിപ്തമാകുക.
റെയിൽവെയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒരു വിട്ടുവീഴ്ചയും വരുത്താതെ മികച്ച സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് പിപിപി മോഡൽ നടപ്പിലാക്കുന്നതിലൂടെ മന്ത്രാലയം ഉദ്ദേശിക്കുന്നത്. രാജ്യത്ത് ഇത്തരത്തിൽ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.
മധ്യപ്രദേശ് ഭോപാലിലെ ഹബീബ്ഗഞ്ച് സ്റ്റേഷനാണിത്. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷനുമായി (ഐആർഎസ്ഡിസി) സഹകരിച്ച് ബൻസാൽ ഗ്രൂപ്പാണ് ഹബീബ്ഗഞ്ച് സ്റ്റേഷൻ പുനർവികസിപ്പിച്ച് പരിപാലിക്കുന്നത്. വിമാനത്താവളത്തിന് സമാനമായി പുനർവികസിപ്പിച്ച് നവീകരിച്ച ഈ സ്റ്റേഷൻ 2021 നവംബർ 15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. സ്റ്റേഷൻ്റ പേര് റാണി കമലപതി എന്നാക്കി മാറ്റുകയും ചെയ്തു.
രാജ്യത്ത് ഉടനീളമുള്ള പ്രധാന സ്റ്റേഷനുകൾ സ്വകാര്യ നിക്ഷേപത്തിലൂടെ നവീകരിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ അഭിലാഷ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത് നടപ്പിലാക്കിയത്. ഈ പദ്ധതിയുടെ പ്രവർത്തന വിജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇതര പ്രധാന സ്റ്റേഷനുകൾ കൂടി പിപിപി മാതൃകയിൽ നവീകരിക്കാൻ റെയിൽവേ ബോർഡ് നീക്കം ആരംഭിച്ചിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ