കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ സുരക്ഷ ഭേദിച്ചു രണ്ടാം പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ക്കിടയിലൂടെ ആഡംബര ബൈക്ക് ഓടിച്ച സംഭവത്തില്‍ പ്രതിയായ യുവാവിനെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതം. ചൊവ്വാഴ്ച പുലര്‍ച്ചെ 4.40ന് പൂനകന്യാകുമാരി എക്സ്പ്രസ് കടന്നുപോയതിനു തൊട്ടുപിന്നാലെയായിരുന്നു പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി അജ്മല്‍ ബൈക്കുമായി പ്ലാറ്റ്ഫോമിലെത്തിയത്.
റെയില്‍വേ പോലീസും ആര്‍പിഎഫും പിന്തുടര്ന്നെങ്കിലും ബൈക്ക് ഉപേക്ഷിച്ച് യുവാവ് കടന്നുകടഞ്ഞു. നാലു ലക്ഷം രൂപ വിലമതിക്കുന്ന ജി310ആര് മോഡല്‍ ബിഎംഡബ്ല്യു ബൈക്കിലാണ് ഇയാള്‍ എത്തിയത്. ഇത് വാടകയ്ക്കെടുത്താണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൂന്ന് ലഹരിക്കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണ് അജ്മല്‍.
നിരവധി യാത്രക്കാര്‍ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന സമയത്തായിരുന്നു അജ്മലിന്റെ സാഹസം. ഈ സമയം മറ്റൊരു ട്രെയിന്‍ സ്റ്റേഷനിലേക്ക് കടന്നുവരുന്നുണ്ടായിരുന്നു. പോലീസ് പിന്തുടര്ന്നതോടെയാണ് ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. സുരക്ഷാവീഴ്ചയുണ്ടായ സാഹചര്യവും പരിശോധിക്കുന്നുണ്ട്. സംഭവം റെയില്‍വേ പോലീസ് പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്.