സിനിമാ ഷൂട്ടിംഗുകാര്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറരുതെന്നു ഹൈക്കോടതി

മലയാളസിനിമയില്‍ ലഹരി പിടിമുറുക്കുന്നുകൊച്ചി: സിനിമാ ഷൂട്ടിംഗിന്റെ പേരു പറഞ്ഞു വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു കയറുന്നത് അനുവദിക്കാനാവില്ലെന്നും ഷൂട്ടിംഗിന്റെ പേരില്‍ പൗരന്റെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ഹൈക്കോടതി. ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ സിനിമാ ഷൂട്ടിംഗിന്റെ പേരില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാണെന്നു ചൂണ്ടിക്കാട്ടി ഈ മേഖലയിലെ റസിഡന്റ്‌സ് അസോസിയേഷനുകള്‍ നല്‍കിയ ഹര്‍ജിയിലാണു ഹൈക്കോടതി ഉത്തരവ്.

പ്രശ്‌ന പരിഹാരത്തിനായി ജില്ലാ ഭരണകൂടത്തിനു ഹൈക്കോടതി ഏഴു ദിവസം കൂടി അനുവദിച്ചു. ഒരു ഹിന്ദി ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനു വേണ്ടി ഈ മേഖലയിലെ ബാസ്റ്റ്യന്‍ സ്ട്രീറ്റ്, ടവര്‍ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ജനങ്ങളെ തടയുകയും ഇവിടത്തെ കെട്ടിടങ്ങളില്‍ വലിയ ഫ്‌ളക്‌സുകള്‍ ആണിയടിച്ചു സ്ഥാപിക്കുകയും ചെയ്തിരുന്നു. ഷൂട്ടിംഗ് സമയത്ത് ഇവിടെ സ്കൂള്‍ കുട്ടികളെ തടഞ്ഞുവച്ചതും വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണു പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്നു പരാതിയുടെ എല്ലാ വശങ്ങളും പരിഗണിച്ചു 10 ദിവസത്തിനുള്ളില്‍ നടപടിയെടുക്കാന്‍ നേരത്തെ ഹൈക്കോടതി ജില്ലാ ഭരണകൂടത്തോടു നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഈ സമയത്തിനുള്ളില്‍ നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നും സമയം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ടു ജില്ലാ ഭരണകൂടം ഹൈക്കോടതിയിലെത്തി. ഇതു പരിഗണിക്കവേയാണു സിനിമാ ഷൂട്ടിംഗിന്റെ പേരില്‍ വ്യക്തികളുടെ അവകാശത്തെ നിഷേധിക്കരുതെന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഷൂട്ടിംഗിന്റെ പേരില്‍ ജനങ്ങളുടെ സഞ്ചാരം തടയുന്ന നടപടികള്‍ക്കെതിരേ പോലീസിനും ജില്ലാ ഭരണകൂടത്തിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നു ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

Related posts