ആ മുഖചിത്രത്തിലേക്കു തുറിച്ചുനോക്കി മോന്‍ ചോദിച്ചു അച്ചയല്ലേ അത് ഇച്ചീച്ചിയാണെന്നു പറഞ്ഞത്, എന്നിട്ട് കുഞ്ഞാവ കുടിക്കുന്നുണ്ടല്ലോ? വിവാദ കവര്‍ചിത്രം ഓര്‍മ്മകളെ കുത്തിനോവിച്ചതിനെക്കുറിച്ച് യുവാവിന്റെ കുറിപ്പ് വൈറലാവുന്നു

തുറിച്ചുനോക്കരുത് എന്ന ഹാഷ്ടാഗോടെ പ്രമുഖ മാസിക, മുലയൂട്ടുന്ന അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി നടത്തിയ കാമ്പയിന്‍ വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. പരാതി കോടതിയില്‍ വരെ എത്തിയിരുന്നു.

പ്രമുഖരടക്കം പലരും തങ്ങളുടെ വ്യക്തിപരവും അല്ലാത്തതുമായ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതേ കവര്‍ ചിത്രം തനിക്ക് പാരയായതെങ്ങനെയെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രമേഷ് കുമാര്‍ എന്ന യുവാവ്.

കാന്‍സര്‍ മൂലമുണ്ടായ വേദനയിലും തളരരുതെന്ന് ഇതിനോടകം തന്റെ അനുഭവത്തിലൂടെ തെളിയിച്ച ആളാണ് രമേഷ്. കാന്‍സര്‍ ബാധിച്ച് മരിച്ച ഭാര്യയെ കുറിച്ച് മുമ്പ് രമേഷ് എഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ കണ്ണ് നനയിച്ചിരുന്നു. ഇപ്പോഴിതാ, വിവാദമായ കവര്‍ ചിത്രം എങ്ങനെ തന്നെയും മകനെയും കുത്തി നേവിച്ചു എന്നതിനെക്കുറിച്ച് വിവരിച്ചിരിക്കുകയാണ് രമേഷ്.

രമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

അന്നത്തെ ആ മുല …ദേ ഇന്നാണ് നുമ്മക് പണി തന്നത് …..സംഗതി ഇച്ചിരി വൈകിപ്പോയി …..ന്നാലും പറയാതെ വയ്യ ..ഒരു കുഞ്ഞുമുലകഥ. അതെ ആ മു(ല )ഖചിത്രമാണ് വിഷയം.

രണ്ട് കളര്‍പ്പുസ്തകവും, കളിക്കുടുക്കയും വാങ്ങാന്‍വേണ്ടി കടയില്‍പോയപ്പോഴാണ് സംഭവം. കടിച്ചാല്‍ പൊട്ടാത്ത എന്റെ പെരുംനുണകള്‍ കേട്ട് ഒന്നരവയസില്‍ ഇനി മുലപ്പാലുകുടിക്കില്ലെന്നു പ്രതിജ്ഞ എടുത്ത നുമ്മടെ മോന്റെ കണ്ണില്‍ ആ മുഖചിത്രം ഉടക്കുകയാണു. തുറിച്ചുനോക്കരുതെന്നു എഴുതിവച്ചിട്ടും എന്നെയും മുഖചിത്രത്തേയും അവന്‍ തുറിച്ചുനോക്കികൊണ്ടേയിരുന്നു….അവന്റെ നോട്ടം കണ്ടപ്പോഴേ തോന്നി…അതെ അമ്മിഞ്ഞകള്‍ എനിക്ക് വീണ്ടും പണി തന്നിരിക്കുന്നു.

മുലയോര്‍മ്മകള്‍ ഒരുപാടുണ്ടെങ്കിലും,മുലയും മുലപ്പാലും നേരിട്ട് പണിതരുന്നത് മോന്റെ ജനനത്തോടെയാണ്. നിറയെ പാലുണ്ടായിട്ടും ജനിച്ചു രണ്ടാം ദിവസംമുതല്‍ പാലുകുടിക്കാതായി അവന്‍.

ഡോക്ടറും നഴ്സുമാരും അവന്റെ അമ്മയും പഠിച്ചപണി പതിനെട്ടും നോക്കീട്ടും, ഞാന്‍ പോയി നിന്റച്ഛനാടാ പറയുന്നേ പാലുകുടിക്കടാ എന്നുപറഞ്ഞിട്ടും ഒരുതുള്ളിപോലും കുടിക്കാതെ ഇളിച്ചുകാട്ടി നാലുദിവസം ലൈറ്റിന് കീഴെ കൊണ്ടുപോയി കിടത്തി 15000 രൂപ അധിക ബില്ലുവാങ്ങിത്തന്നത് ഒരേയൊരുമുല അവന്‍ അഞ്ചുമിനുട്ടു വലിച്ചു കുടിക്കാതിരുന്നതുകൊണ്ടാണ്.

ആറുമാസത്തെ വീട്ടിനകത്തെ റെസ്റ്റിനു ശേഷം അമ്മയും മോനുംകൂടെ പുറത്തുകറങ്ങാന്‍ തുടങ്ങിയപ്പോള്‍,അവനു പുറത്തുപോകുമ്പോള്‍ പാലുകൊടുക്കണം എന്നുപറഞ്ഞു മുന്‍ഭാഗം ഓപ്പണ്‍ ആക്കുന്ന മൂന്നാലു ഡ്രെസ്സുകള്‍ ഒറ്റയടിക്കുവാങ്ങി എന്റെ പേഴ്സ് കാലിയാക്കിയതാണ് രണ്ടുംകൂടി…അങ്ങനെ വീട്ടിലും, പുറത്തും, യാത്രയിലും, റോഡിലും, മരത്തണലിലും, മാളുകളിലും, കാട്ടിലും ഒക്കെ ഇരുന്നു അര്‍മാദിച്ചു കുടിച്ചു അവന്‍.

തുറിച്ചുനോക്കുന്നവനെയും/ആവളെയും ഒക്കെ ഒരു ചെറിയ പുഞ്ചിരികൊണ്ട് തലകുനിപ്പിച്ചു അവരങ്ങനെ ആര്‍മാദിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അവള്‍ക്ക് അസുഖം പിടിപെടുന്നത്. അന്നവനു ഒന്നരവയസാണ് പ്രായം. സി ടി സ്‌കാന്‍ എടുക്കുന്ന അന്നാണ് അവന്‍ അവസാനായി മൂലപ്പാലുകുടിക്കുന്നത്. അതിനുശേഷം പാലുകൊടുക്കണ്ടെന്നു ഡോക്ടര്‍ പറഞ്ഞിരുന്നു.

അന്നുരാവിലെ ഉറക്കത്തില്‍നിന്നും വിളിച്ചുണര്‍ത്തി അവനു രണ്ടുമുലയിലേയും പാല് മാറി മാറി കൊടുത്തു. ഇനി അമ്മേടെ പാലൊന്നുമില്ല കേട്ടോ ….എന്ന് പറഞ്ഞപ്പോ കണ്ണില്‍നിറയെ കടലായിരുന്നു ഞങ്ങളുടെ ……മുലകുടിച്ചുമാത്രം ഉറങ്ങുകയും ,രാത്രി ഒരുമണിക്കു എഴുന്നേറ്റു വയറുനിറച്ചു കുടിച്ചു വീണ്ടും ഉറങ്ങുകയും ചെയ്തു ശീലമായ ഒരുത്തനെയും കൊണ്ട് മുലയിലേക്കും നോക്കി തുറിച്ചകണ്ണുകളോടെ നിന്നത് അന്നായിരുന്നു. ജീവിതത്തില്‍ ആദ്യമായി മുലയിലേക്കു തുറിച്ചു നോക്കീതും അന്നായിരുന്നു.

അടുത്ത ദിവസം അവള്‍ ആര്‍ .സി .സി യില്‍ അഡ്മിറ്റാവുകയും രാത്രി പാലിന് വേണ്ടികരഞ്ഞ അവനെയും തോളിലിട്ട് ഒരുകയ്യില്‍ ഒരു വടിയും പിടിച്ച് (തെരുവുനായ്ക്കളില്‍ നിന്നുള്ള രക്ഷക്ക് ) ആര്‍ സി സി യുടെ സൈഡ് റോഡിലൂടെ പാതിരാത്രികളില്‍ സമാധാനിപ്പിച്ചു നടന്നതും എല്ലാം മുലയും പാലും തന്ന പണികളായിരുന്നു.

എന്റെ അഡാറ് കൗണ്‍സിലിങ്ങില്‍ നാലുദിവസം കൊണ്ട് അവന്‍ ഓക്കേ ആയി .രാത്രി കരയുമ്പോള്‍ നിപ്പിള്‍ വച്ച പാല്‍ക്കുപ്പി ചുണ്ടില്‍ വച്ച്കൊടുത്തു …പറ്റിക്കലാണെന്നറിഞ്ഞിട്ടും മിണ്ടാതെ അവനതു കുടിച്ചുകിടന്നുറങ്ങി …

ആശുപത്രിയിലേക്കു കയറിയപ്പോള്‍ അവിടെ സ്വന്തം മുലകളിലേക്കു നോക്കി തുറിച്ചിരിക്കുന്നവരാണ് അധികവും. ഞണ്ടുകള്‍ കൂടുകൂട്ടിയ സ്വന്തം മുലകളിലേക്ക് നോക്കി ആധിയോടെ ഇരിക്കുന്നവര്‍.ആ മുലകള്‍ തന്ന പണിയില്‍ നെട്ടോട്ടമോടുന്ന ഒരുകൂട്ടമാളുകള്‍.

മുലയെന്നാല്‍ ജീവനുപോലും ഭീഷണിയാവുന്ന ഒരു സാധനം ആണെന്നും ,അതുവരെ കാണാത്ത ഒരു ഭീകരത അതിനുണ്ടെന്നും അറിഞ്ഞതപ്പോഴാണ് മുലകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും ചിത്രങ്ങളുമാണ് അവിടെ മാറിപ്പോയത്.

വീണ്ടും കടയിലേക്ക് വരാം, ആ മുഖചിത്രത്തിലേക്കു തുറിച്ചുനോക്കി മോന്‍ എന്നോട് ചൊദിച്ചു അച്ചയല്ലേ അത് കുടിക്കാന്‍ പറ്റില്ല… ഇച്ചീച്ചിയാണെന്നു പറഞ്ഞത്…എന്നിട്ട് കുഞ്ഞാവ കുടിക്കുന്നുണ്ടല്ലോ? മുലപ്പാല് ഇച്ഛിച്ചിയാണെന്നും ,അതില്‍ കോഴിയപ്പിയുണ്ടെന്നും ,’അമ്മ ചാണകക്കുഴിയില്‍ വീണെന്നും അമ്മാലില്‍ നിറയെ ചാണകമാണെന്നും ,അതൊന്നും കുഞ്ഞുങ്ങള്‍ കുടിക്കാന്‍പാടില്ലെന്നും ..പിന്നെയും കുറെ നുണകള്‍ പറഞ്ഞു മനസ് മാറ്റിവച്ചേക്കുന്നവന്‍ ബുക്കിലേക്കും എന്റെ മുഖത്തേക്കും തുറിച്ചുനോക്കികൊണ്ടേയിരുന്നു …നിങ്ങളെന്നെ നൈസ് ആയിട്ട് തേച്ചതാണല്ലേ ..എന്നഭാവത്തില്‍ .

മുലകളെന്നാല്‍ തുറിച്ചുനോട്ടം മാത്രമല്ല ,കുന്നോളം സങ്കടം മനസിലേക്ക് കൊണ്ടുവരുന്ന,ഉത്തരങ്ങള്‍ കൊടുക്കാന്‍ കഴിയാത്ത ചോദ്യങ്ങള്‍ കൂടെയാണ് പലര്‍ക്കും . മാഗസിനിലെ വാചകം തിരിച്ചുപറഞ്ഞു ഞാന്‍ അവനോട്. നീയിങ്ങനെ തുറിച്ചുനോക്കുവൊന്നും വേണ്ട അന്ന് ഞാന്‍ പറഞ്ഞതൊക്കെ സത്യം തന്നായിരുന്നു …. ഇപ്പോ പാലു വേണം എന്നുപറഞ്ഞു നില്‍ക്കുന്ന അവനു എവിടെപ്പോയി മുലപ്പാല് കണ്ടെത്തും ഞാന്‍ ന്റെ …ദേവിയേ ….യ് …!

Related posts