തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന ധനമന്ത്രി തോമസ് ഐസക് ബജറ്റിൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇതിനായി നീക്കിവച്ച് തുക എവിടെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വാക്സിനുവേണ്ടി സംസ്ഥാനം പണം ചെലവഴിച്ചാൽ മറ്റു പല വികസന പ്രവർത്തനങ്ങളും നിർത്തിവയ്ക്കേണ്ടിവരുമെന്ന ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിനോടു പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ബജറ്റിൽ തുക വകയിരുത്തിയ സാഹചര്യത്തിൽ സിപിഎം പ്രഖ്യാപിച്ചിരിക്കുന്ന വാക്സിൻ ചലഞ്ചിന്റെ ആവശ്യമില്ല. ബജറ്റിൽ വലിയ അക്ഷരങ്ങളിലാണ് വാക്സിൻ സൗജന്യമായി നൽകുമെന്ന് എഴുതിവച്ചത്.
ബജറ്റിൽ പ്രഖ്യാപിക്കുന്പോൾ വെറുതെ ചെയ്യില്ലല്ലോ. അതിനുള്ള തുക വകയിരുത്തിയിട്ടുണ്ടാകും. ഇത് വിവാദമാക്കാനാഗ്രഹിക്കുന്നില്ല.
ജനങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നത് ഏതു ഘട്ടത്തിലും സ്വാഗതാർഹമാണ്. സംസ്ഥാനത്തിനാവശ്യമായ കോവിഡ് വാക്സിൻ കേന്ദ്രം സൗജന്യമായി നൽകണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.
വാക്സിൻ കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കണം. കൃത്യമായി ഓണ്‍ലൈൻ വഴി ടോക്കണ്‍ നൽകുകയും ടൈം സ്ലോട്ട് അനുവദിക്കുകയും തിരക്കൊഴിവാക്കാൻ കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങുകയും വേണം.
വാക്സിൻ സ്ലോട്ടുകൾ ബുക്ക് ചെയ്യാനും മറ്റ് വിവരങ്ങൾ ലഭിക്കാനുമായി കോൾസെന്റർ ആലോചിക്കണം. ഹൈറിസ്ക് രോഗികൾക്ക് വാക്സിനേഷനിൽ മുൻഗണന നൽകണം.
വൃദ്ധജനങ്ങൾക്കും കിടപ്പുരോഗികൾക്കും ആശുപത്രികളിലെത്തി കുത്തിവയ്പെടുക്കാനാകാത്തതിനാൽ വീടുകളിലെത്തി വാക്സിനേഷൻ നൽകുന്നത് പരിശോധിക്കണം.
വാഹനമില്ലാത്ത ആദിവാസികേന്ദ്രങ്ങളിലും ഒറ്റപ്പെട്ടു കിടക്കുന്ന പട്ടികജാതി കേന്ദ്രങ്ങളിലും പോയി കുത്തിവയ്പ് നടത്തണം.
പത്തു ലക്ഷം മലയാളികളുള്ള ഡൽഹിയിൽ നൂറുകണക്കിന് പേർ ഓക്സിജനില്ലാതെ പിടഞ്ഞുമരിക്കുന്പോൾ കേരളത്തിൽ നിന്ന് ഒരു എയർലോഡ് ഓക്സിജനെങ്കിലുമെത്തിക്കണമെന്ന ഡൽഹി മലയാളികളുടെ ആവശ്യം പരിഗണിക്കണം. പലവിധ ഉത്തരവുകൾ ഇറക്കുന്ന കളക്ടർമാരുടെ നിലപാട് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ആഹ്ലാദം അതിരു വിടരുതെന്നു രമേശ് ചെന്നിത്തല
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം പിടിച്ചുനിർത്താൻ കർശന നിയന്ത്രണം ഏർപ്പെടുത്താനുള്ള സർക്കാർ നടപടികൾക്കു സർവകക്ഷിയോഗത്തിൽ പൂർണ പിന്തുണ നൽകുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
എന്നാൽ, സന്പൂർണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തേണ്ടതില്ലെന്നാണു പ്രതിപക്ഷ നിലപാടെന്നും ഇക്കാര്യം നാളെ ചേരുന്ന സർവകക്ഷി യോഗത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ ആരു വിജയിച്ചാലും വലിയ തോതിലുള്ള ആഹ്ലാദപ്രകടനങ്ങൾ പാടില്ലെന്നാണു നിലപാട്. ഇതു സർവകക്ഷി യോഗത്തിൽ അറിയിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ ആഹ്ലാദപ്രകടനങ്ങളുടെ ആവശ്യമില്ല.
സർക്കാരും അവസരത്തിനൊത്ത് ഉയരുമെന്നു പ്രതീക്ഷിക്കുന്നു. ജനങ്ങൾക്കു പരിഭ്രാന്തി ഉണ്ടാകുന്ന ഒരു പ്രവൃത്തിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകരുത്.
രോഗം ബാധിക്കുന്നവരിൽ ചെറിയ ശതമാനത്തിനു മാത്രമേ, രോഗമൂർച്ഛ ഉണ്ടാകുന്നുള്ളൂ. അങ്ങനെയുള്ളവർക്ക് കൃത്യമായ ചികിത്സ നൽകുന്നതിനാകണം പ്രഥമ പരിഗണന.
ഇതിന് ആശുപത്രികളിൽ തിരക്ക് നിയന്ത്രണവിധേയമായിരിക്കണം, അഡ്മിഷൻ പ്രോട്ടോക്കോൾ ഉണ്ടായിരിക്കണം, ഓക്സിജൻ ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ ഉണ്ടാകണം.
കേരളത്തിലെ എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളിലും ഓക്സിജൻ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തണം.
രോഗമൂർച്ഛ ഉള്ളവർ എപ്പോൾ എത്തിയാലും അവർക്ക് ബെഡ്, വെന്റിലേറ്റർ സംവിധാനം, ഓക്സിജൻ എന്നിവ എപ്പോഴും ലഭ്യമാണെന്ന് ഉറപ്പുവരുത്താനാകണം.
കോവിഡ് വ്യാപനം കൂടുന്നതിനൊപ്പം, ജനങ്ങൾക്ക് ജീവിത മാർഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ദിവസക്കൂലിക്കാർ, ഓട്ടോ- ടാക്സി ഡ്രൈവർമാർ, ചെറുകിട വ്യാപാരികൾ അടക്കം നിരവധിപ്പേർ പ്രതിസന്ധിയിലാണ്. ഇതിനാൽ കിറ്റ് വിതരണം ഉൗർജിതമാക്കണം.
തെരഞ്ഞെടുപ്പിനു മുൻപുണ്ടായിരുന്ന ഊർജസ്വലത കിറ്റിന്റെ കാര്യത്തിൽ ഇപ്പോഴില്ല. കോവിഡ് പ്രതിരോധത്തിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അവശ്യമായ നിർദേശങ്ങളും പരിശീലനവും നൽകി കോവിഡ് പ്രതിരോധത്തിന്റെ നേതൃനിരയിലേക്ക് കൊണ്ടുവരണം.
ആവശ്യമായ ഫണ്ട് ലഭ്യമാക്കണം. അല്ലെങ്കിൽ പ്ലാൻ ഫണ്ടിൽനിന്നു തുക ചെലവാക്കാൻ അനുമതി നൽകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.