കൊച്ചി: വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളില്‍ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ചിലത് ഒഴിവാക്കണമെന്നാണ് വേടന്റെ ആവശ്യം. ഇക്കാര്യത്തില്‍ ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ സര്‍ക്കാരില്‍നിന്നു വിശദീകരണം തേടി.
ഈ മാസം 25ന് കൊളംബോ, നവംബര്‍ 11ന് ദുബായ്, നവംബര്‍ 28ന് ഖത്തര്‍, ഡിസംബര്‍ 13ന് ഫ്രാന്‍സ്, ഡിസംബര്‍ 20ന് ജര്‍മനി എന്നിവിടങ്ങളിലാണ് തന്റെ സംഗീതപരിപാടികള്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ കോടതിയുടെ ഉത്തരവോടു കൂടി മാത്രമേ കേരളത്തിനു പുറത്തേക്കു പോകാന്‍ പാടുള്ളൂ എന്നാണ് ജാമ്യവ്യവസ്ഥയിലുള്ളത്.
ഇതിനൊപ്പം എല്ലാ ഞായറാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.ഇത്തരത്തിലുള്ള വ്യവസ്ഥയിലൂടെ, സ്റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള അവകാശം നിഷേധിക്കുകയാണ്.
ഈ രണ്ടു വ്യവസ്ഥകളും റദ്ദാക്കിയാലും കേസിന്റെ അന്വേഷണത്തെ അത് ഒരു വിധത്തിലും ബാധിക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ലഭിക്കാത്തതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.
യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലീസ്
റാപ്പര്‍ വേടനെതിരെ ലൈംഗികാതിക്രമ പരാതി നല്കിയ യുവതിക്ക് നല്കിയ നോട്ടീസ് പിന്‍വലിക്കുമെന്ന് പോലിസ് ഹൈക്കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് എടുത്ത കേസില്‍ മൊഴി നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസ് നല്കിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുവതി നല്കിയ ഹര്‍ജിയിലാണ് ഇക്കാര്യം അറിയിച്ചത്. മൊഴി നല്കാന് നേരിട്ടെത്തുന്നത് തന്നെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പുറത്ത് പോകാന്‍ ഇടയാക്കുമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആരോപണം.
ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ നിലവിലുണ്ടെന്നും നേരിട്ടെത്തി മൊഴി നല്‍കാനാവില്ലെന്നുമുള്ള പരാതിക്കാരിയുടെ വാദം കോടതി അംഗീകരിച്ചു. ജസ്റ്റീസ് സി. പ്രതീപ് കുമാര്‍ പോലിസിന്റെ വിശദീകരണം രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി.
2020 ഡിസംബറില്‍ ദളിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടനെ സമീപിച്ചപ്പോള്‍ ലൈംഗികാതിക്രമം കാണിച്ചെന്നായിരുന്നു യുവതി മുഖ്യമന്ത്രിക്കു നല്കിയ പരാതിയിലുള്ളത്. ഈ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് വേടനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് ഇത്. വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തു എന്ന യുവഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ ജാമ്യത്തിലാണ് ഇയാള്‍.

