മാഞ്ചസ്റ്റർ: ഇന്നിംഗ്സ് തോൽവിയോ പൊരുതി തോൽക്കുമോ?. നാലാം ടെസ്റ്റിൽ അഞ്ചാം ദിനം ബാറ്റിംഗിനിറങ്ങുന്പോൾ ഇന്ത്യൻ ടീമിനു മുന്നിലുണ്ടായിരുന്ന ചോദ്യമിതായിരുന്നു. എന്നാൽ വീരോചിത ബാറ്റിംഗ് പുറത്തെടുത്ത രവീന്ദ്ര ജഡേജ (107), വാഷിംഗ്ടണ്‍ സുന്ദർ (101) സഖ്യത്തിന്റെ പോരാട്ടത്തിനു മുന്നിൽ സ്റ്റോക്സിനും സംഘത്തിനും മറുപടിയില്ലാരുന്നു.
മത്സരം സമനിലയ്ക്ക് കൈകൊടുത്തു പിരിഞ്ഞു. അഞ്ചാം മത്സരത്തിനിറങ്ങുന്പോൾ വിജയം മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. പരന്പരയിൽ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. ഓവലിൽ വ്യാഴാഴ്ചയാണ് അഞ്ചാം മത്സരം.
ഇന്ത്യക്ക് പോയിന്റ് നേട്ടം:
നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരേ നേടിയ വീരോചിത സമനില പരന്പരയിൽ ഇന്ത്യയുടെ സാധ്യത നിലനിർത്തുക മാത്രമല്ല ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് റാങ്കിംഗിൽ പോയിന്റ് മെച്ചപ്പെടുത്തുകയും ചെയ്തു. ഇന്ത്യ 12 പോയിന്റിൽ നിന്ന് 16 പോയിന്റിലേക്ക് മുന്നേറി നാലാം സ്ഥാനം നിലനിർത്തി.
നിലവിൽ 26 പോയിന്റുള്ള ഇംഗ്ലണ്ട്, ലോർഡ്സ് ടെസ്റ്റിനിടെ നടത്തിയ സ്ലോ ഓവർ റേറ്റ് നിയമലംഘനത്തിന് രണ്ട് പോയിന്റ് പെനാൽറ്റി കാരണം രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ശ്രീലങ്ക 16 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. ഓസ്ട്രേലിയ 36 പോയിന്റുമായി ഒന്നാമതാണ്.
രണ്ടാമത് സമനില
ബ്രണ്ടൻ മക്കല്ലം പരിശീലക ചുമതലയേറ്റെടുത്തശേഷം ബാസ്ബോൾ യുഗത്തിൽ ഇംഗ്ലണ്ട് വഴങ്ങുന്ന രണ്ടാമത്തെ മാത്രം സമനിലയാണ് ഓൾഡ് ട്രാഫോർഡിൽ ഇന്നലെ ഇന്ത്യക്കെതിരേ വഴങ്ങിയത്. 2023ലെ ആഷസിൽ ഓസ്ട്രേലിയയ്ക്കെതിരേ ഇതേ ഗ്രൗണ്ടിൽ സമനില വഴങ്ങിയതായിരുന്നു ആദ്യത്തേത്.
ടീമില്‍ മാറ്റം
അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. സ്റ്റാർ ഓൾ റൗണ്ടർ ജാമി ഓവർടണെ ടീമിൽ ഉൾപ്പെടുത്തി. ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന് പരിക്കുള്ള സാഹചര്യത്തിലാണ് ഓവർടണെ ടീമിലുൾപ്പെടുത്തിയത്.
ഇന്ത്യൻ ടീമിലും മാറ്റം. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനു പകരം തമിഴ്നാട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നാരായണ്‍ ജഗദീശനെ ടീമിൽ ഉൾപ്പെടുത്തി.
അപൂർവ്വ നേട്ടവുമായി ഇന്ത്യൻ താരങ്ങൾ
പരന്പരയിലെ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ നാല് ഇന്ത്യൻ താരങ്ങൾ 400 റണ്‍സിലേറെ നേടി. ഇന്ത്യയുടെ 91 വർഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാല് താരങ്ങൾ ഒരു ടെസ്റ്റ് പരന്പരയിൽ ഒരേസമയം 400 ലേറെ റണ്‍സ് സ്കോർ ചെയ്യുന്നത്.
റണ്‍വേട്ടക്കാരിൽ ആദ്യ നാലു സ്ഥാനങ്ങളിലും ഇന്ത്യക്കാരാണെന്നതും ശ്രദ്ധേയമാണ്. 722 റണ്‍സുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് ഒന്നാമത്. 511 റണ്‍സുമായി കെ.എൽ. രാഹുല്‍ രണ്ടാം സ്ഥാനത്തും 479 റണ്‍സുമായി ഋഷഭ് പന്ത് മൂന്നാം സ്ഥാനത്തുമാണ്.
മാഞ്ചസ്റ്ററിൽ സെഞ്ചുറി നേടിയതോടെ രവീന്ദ്ര ജഡേജ റണ്‍വേട്ടയിൽ നാലാം സ്ഥാനത്തേക്ക് കയറി. നാല് മത്സരങ്ങളിൽ 454 റണ്‍സാണ് ജഡേജ നേടിയത്.