പാതിരാത്രിയില്‍ ഇറങ്ങേണ്ട സ്റ്റോപ്പില്‍ ഉറങ്ങിപ്പോയ, പിഞ്ചുകുഞ്ഞടക്കമുള്ള കുടുംബത്തിന് തുണയായി സ്വകാര്യ ബസ് ജീവനക്കാര്‍! സഹജീവി സ്‌നേഹം പ്രതിഫലിച്ച സംഭവമിങ്ങനെ

അമിതവേഗവും വിദ്യാര്‍ത്ഥികളോടുള്ള മര്യാദയില്ലാത്ത പെരുമാറ്റവും എല്ലാമായി അത്ര ക്ലീന്‍ ഇമേജല്ല സ്വകാര്യ ബസുകളിലെ കണ്ടക്ടര്‍മാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ആളുകള്‍ കൊടുക്കാറ്. എന്നാല്‍ പൊതുവേയുളള ഈ ധാരണയ്ക്ക് ഒരു തിരുത്താവുകയാണ് കോട്ടയം, വെള്ളരിക്കുണ്ട് റൂട്ടിലോടുന്ന നിര്‍മല എന്ന ബസിലെ ജീവനക്കാര്‍.

ബസിലിരുന്ന് ഉറങ്ങിപ്പോയ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുള്ള കുടുംബത്തെ സ്റ്റോപ്പിലിറക്കാന്‍ എട്ടു കിലോമീറ്റര്‍ തിരികെയോടിയാണ് ബസും അതിലെ ജീവനക്കാരും മാതൃകയായിരിക്കുന്നത്. ബസിലെ ഡ്രൈവര്‍ ചങ്ങനാശ്ശരി സ്വദേശി ശരത്ത്, കണ്ടക്ടര്‍ ചെറുപുഴ സ്വദേശി സ്റ്റുവര്‍ട്ട് തോമസ് എന്നിവരാണ് കുടുംബത്തെ സ്റ്റോപ്പിലിറക്കുന്നതിന് തിരികെ ഓടി നന്മയുടെ മാതൃക കാട്ടിയത്.

കോട്ടയം-വെള്ളരിക്കുണ്ട് റൂട്ടില്‍ ഓടുന്ന ബസാണിത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് കോട്ടയത്ത് നിന്നുമാണ് കുടുംബം ബസില്‍ കയറിയത്. തലേശ്ശരിയിലേക്ക് ടിക്കറ്റ് എടുത്ത കുടുംബം രാത്രിയില്‍ സ്റ്റോപ്പെത്തിയതറിയാതെ ഉറങ്ങുകയായിരുന്നു. ഇവര്‍ ഉണര്‍ന്ന് സ്റ്റോപ്പ് പിന്നിട്ട് എട്ടു കിലോമീറ്റര്‍ ശേഷമായിരുന്നു.

അതിരാവിലെ മൂന്നരയ്ക്ക് ബസില്‍ വിജനമായ സ്റ്റോപ്പില്‍ കുടുംബത്തെ ഇറങ്ങിവിടുന്നതിന് ജീവനക്കാര്‍ക്ക് തോന്നിയില്ല. വാഹനങ്ങള്‍ വരാന്‍ സാധ്യത കുറഞ്ഞ സ്ഥലത്ത് കൊച്ചുകുട്ടിയുമായി കുടുംബം വലയുമെന്ന് തോന്നിയപ്പോള്‍ ബസ് തിരികെ ഓടി. എട്ടു കിലോമീറ്റര്‍ തിരികെ ഓടി ബസ് ജീവനക്കാര്‍ കുടുംബത്തെ തലേശ്ശേരി ബസ് സ്റ്റാന്‍ഡിലെത്തിക്കുകയായിരുന്നു.

Related posts