ന്യൂഡൽഹി; ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളിൽ ഇതു വലിയ ആശങ്ക പരത്തി.
സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റർ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റർ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്ട്രോണിക് മാർക്കറ്റുകളിലൊന്നായ ഓൾഡ് ലജ്പത് റായ് മാർക്കറ്റ്.
500 മീറ്റർ അകലെ ഡൽഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. പരന്പരാഗതമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്.
നിത്യേന ആയിരക്കണക്കിനു സഞ്ചാരികളാണ് ചെങ്കോട്ട സന്ദർശിക്കാനെത്തുന്നത്. ഇതിൽ നല്ലൊരുപങ്ക് സഞ്ചാരികളും മെട്രോയിലെത്തി ഇന്നലെ സ്ഫോടനം നടന്ന റോഡിലൂടെ നടന്നാണ് ചെങ്കോട്ടയിലെത്തുന്നത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ്.
തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമെങ്കിൽ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു.

