റീൽ ചിത്രീകരണത്തിനായി നടുറോഡിൽ മദ്യസത്കാരം നടത്തിയ ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ജയ്പുരിലാണു സംഭവം. ജൂൺ ആറിന്, ഹൈന്ദവാചാരപ്രകാരം വിശേഷപ്പെട്ട ഏകാദശി ദിനത്തിലായിരുന്നു തിരക്കേറിയ റോഡിൽ യുവാക്കളുടെ ബിയർ സത്കാരം. സമൂഹമാധ്യമത്തിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ വൻ വിമർശനമുയർന്നിരുന്നു.
വാഹനങ്ങൾ തടഞ്ഞുനിർത്തി ആളുകൾക്ക് ഡിസ്പോസിബിൾ ഗ്ലാസിൽ ബിയർ വിളന്പുന്നതു ദൃശ്യങ്ങളിൽ കാണാം. കാറിലും ഇരുചക്രവാഹനത്തിലും ഓട്ടോറിക്ഷയിലും സഞ്ചരിക്കുന്നവർ യുവാക്കളുടെ സത്കാരം സ്വീകരിച്ചു. കാൽനടയാത്രക്കാർക്കും ബിയർ വിളന്പി. ടച്ചിംഗ്സിനായി മിക്സചറും യുവാക്കൾ നൽകി. കറുത്ത എസ്യുവി കാറിലാണ് യുവാക്കൾ എത്തിയത്. എസ്യുവിയുടെ പിന്നിൽ നിരവധി ബിയർ കുപ്പികൾ നിരത്തിവച്ചിരിക്കുന്നതു കാണാമായിരുന്നു.
പൊതുമദ്യത്തിൽ മദ്യം വിളന്പിയ യുവാക്കൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു നിരവധി പരാതികൾ ജയ്പുർ പോലീസിനു ലഭിച്ചു. ഇതേത്തുടർന്നു മദ്യസത്കാരത്തിൽ പങ്കെടുത്ത ഏഴു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തങ്ങളുടെ പ്രവൃത്തിയിൽ യുവാക്കൾ ക്ഷമ ചോദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.